ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ മലയാളികള്‍ക്ക് ആശ്വാസമായി സിനിമ സംവിധായകന്‍ വിനയന്റെ അപ്രതീക്ഷിതസന്ദര്‍ശനം!

ദമ്മാം: നവയുഗം സാംസ്‌കാരികവേദിയുടെ അതിഥിയായി സൗദി സന്ദര്‍ശനത്തിന് എത്തിയ മലയാള സിനിമ സംവിധായകന്‍ വിനയന്‍, ദമ്മാം വനിതഅഭയകേന്ദ്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രകമ്മിറ്റിഅംഗം പത്മനാഭന്‍ മണിക്കുട്ടന്‍, ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ വിനയനെ അനുഗമിച്ചു.

സൗദി സര്‍ക്കാരിന്റെ കീഴില്‍, വിവിധ തൊഴില്‍, വിസ കേസുകളിലും പെട്ട് നാട്ടില്‍ പോകാനാകാതെ നിയമക്കുരുക്കുകളില്‍ കഴിയുന്ന വിദേശവനിതകളെ പാര്‍പ്പിച്ചിരിയ്ക്കുന്ന അഭയകേന്ദ്രമാണ് വനിതാ അഭയകേന്ദ്രം. ഇന്‍ഡ്യാക്കാരികള്‍ അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകള്‍, സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

അഭയകേന്ദ്രത്തില്‍ എത്തിയ വിനയനെ, അഭയകേന്ദ്രം ഡയറക്റ്ററും, അവിടത്തെ ഉന്നതഉദ്യോഗസ്ഥരും ഉപചാരപൂര്‍വ്വം ഊഷ്മളമായി സ്വീകരിച്ചു.

വനിത തര്‍ഹീലില്‍ ഇപ്പോള്‍ അന്തേവാസികളായ ഇന്‍ഡ്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്ത വിനയന്‍, നല്ല വാക്കുകളിലൂടെ അവരെ ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

അഭയകേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് വിനയന്‍, മേലധികാരികളുമായി ദീര്‍ഘനേരം സംസാരിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സിയുടെയും, അഭയകേന്ദ്രത്തില്‍ അധികൃതരുടെയും സഹായത്തോടെ വനിതാ അഭയകേന്ദ്രത്തിലെ നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച വിനയന്‍, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.