ഔഫ് വിഡര്‍ സേഹന്‍ ഫിലിപ്പ് …!
ഫുട്ബാള്‍ എന്ന മനോരഥ സൃഷ്ടി സാധാരണക്കാരന്റെ ഹൃദയങ്ങളെ വശീകരിക്കുവാനുള്ള കാരണങ്ങളില്‍ ഒന്ന് കാലാകാലങ്ങളില്‍ വിസ്മയ പ്രകടനകളുമായി പച്ചപുല്‍ത്തകിടികളില്‍ നൃത്തച്ചുവടുകളുമായി വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന അപൂര്‍വം ചില കളിക്കാര്‍ തന്നെയായിരുന്നു… അവരില്‍ ചിലര്‍ എല്ലാവര്ക്കും സ്വീകാര്യന്‍ ആകുമ്പോള്‍ മറ്റുചിലര്‍, ചിലരുടെ ഹൃദയങ്ങളില്‍ ഇടം തേടുകയും മറ്റുള്ളവരുടെ മനസുകളില്‍ വെറുക്കപ്പെട്ടവരാവുകയും ചെയ്യുന്നു.
കാല്പന്തുകളി ജന വികാരമായി തുടങ്ങിയകാലം മുതലേ ഈ പ്രതിഭാസം നിലനില്ക്കുന്നു. ഇതില്‍ ആദ്യഗണത്തില്‍ പെടുന്ന ആളാണ് ജര്‍മനിക്കു ലോകകപ്പു നേടിക്കൊടുത്ത സൗമ്യനും ശാന്തനുമായ ഫിലിപ്പ് ലാം എന്ന കുറിയ മനുഷ്യന്. ബാല്യവും കൗമാരവും യൗവനവും ബയറണ് മ്യുണിക്കു എന്ന വിശ്രുത ഫുട്ബോള്‍ ക്ലബ്ബിന് വേണ്ടി ഉഴിഞ്ഞു വച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ബാക്കി പത്രത്തില്‍ കരുതിവയ്ക്കുവാനായത് ഏതൊരു കളിക്കാരെന്റെയും ആശയം മോഹവമായ ഒരു ലോകകപ്പ് കിരീടം.
ഇതിനു പുറമെ ഒരു ലോക ക്ലബ് കപ്പു വിജയം, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം, എട്ടു ജര്‍മന്‍ ലീഗ് കിരീടങ്ങള്‍, ആറു ജര്‍മന്‍ കപ്പു വിജയങ്ങള്‍ ഒപ്പം ഒരുതവണ വീതം യൂറോപ്യന്‍ ജര്‍മന്‍ ലീഗ് ചാമ്പ്യന്‍സ് കപ്പു കിരീടങ്ങള്‍. ഇതിനു ഒപ്പമായിരുന്നു മൂന്നു തവണ ജര്‍മന്‍ സൂപ്പര്‍ കപ്പു വിജയവും. ഇതില്‍ അധികവും നായകനായിട്ടു തന്നേയായിരുന്നു ഇതൊക്കെ കൈകളില്‍ ഏറ്റുവാങ്ങിയത്. ഒരു പക്ഷെ ഇതൊരു സര്‍വകാല റിക്കാര്ഡുമാകാം.
ആരെയും അഹങ്കാരിയും തലക്കനമുണ്ടാക്കുന്നവനും ആക്കിയേക്കാവുന്ന വിധം അത്യപൂര്‍വ നേട്ടങ്ങള്‍ എന്നാല്‍ ഫിലിപ് ലാം എന്ന സാധാരണക്കാരില്‍ അസാധാരണക്കാരനായ ഈ മനുഷ്യന് ഒരു ചെറു പുഞ്ചിരിയോടെയേ നാലാം ഡിവിഷന് കളിക്കാരെയും സ്കൂള്‍ കുട്ടികളെയും പോലും സ്വീകരിക്കുകയുള്ളൂ. അവരുടെ ചോദ്യങ്ങള്‍ പോലും ശ്രദ്ധയോടെ കേട്ട് അവരുടെ തോളില്‍ പിടിച്ചും നെഞ്ചോട് ചേര്ത്തുമെ മറുപടി നല്‍കാറുള്ളൂ.
ഏതു തരം വിമര്‍ശനവും നിറപുഞ്ചിരിയോടെ നേരിടുന്ന എല്ലാവരുടെയും ഫിലിപ്പ് കളിക്കളത്തില്‍ എത്തിയാല്‍ മറ്റൊരു മനുഷ്യനായി മാറുന്നു. സൗഹൃദമൊക്കെ ഡ്രസിങ് റൂമിലെ ലോക്കറില്‍ വച്ചുപൂട്ടിയ ശേഷം കളിക്കളത്തില്‍ എത്തിയാല്‍ വലതുവശത്തു കൂടി കാറ്റിനു പോലും തന്റെ പ്രതിരോധ നിര കടക്കുവാന്‍ കഴിയാനാകാത്ത കാര്‍ക്കശ്യം.
ഇങ്ങിനെയുള്ള ഫിലിപ്പിന്റെ പേരാണ് രസകരം. ‘ ലാം ‘ ജര്‍മന്‍ ഭാഷയില്‍ അത് മുടന്തനെന്നും നിശബ്ദണെന്നും ഒക്കെ. അല്ലേലും ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പരിഹസിച്ചു കൊണ്ട് ഈ കൊച്ചു മിടുക്കന് ലോകം കീഴടക്കി മുന്നേറി. നാളെ വൈകുന്നേരം ജര്‍മന്‍ സമയം 5.15 നു ആ കാല്ത്തഴമ്പുകളുടെ സംഗീതം അവസാനിക്കുകയാണ്.
വ്യഥയോടെ വ്യസനത്തോടെ വ്യാകുലതയോടെ മാത്രമേ നമുക്ക് കാല്പന്തുകളിയെ നെഞ്ചോടു ചേര്‍ത്തവര്‍ക്കു ആ രംഗം നോക്കി കാണാന്‍ കഴിയൂ. നന്ദി പ്രിയപ്പെട്ട ഫിലിപ്പ്. ഔഫ് വിഡര്‍ സേഹന്‍ ഫിലിപ്പ്…! ഗുഡ്ബൈ ഫിലിപ്പ് !! വീണ്ടും കാണാം…! നന്മകള് നേരുന്നു..!