23 ഫീമെയ്ല്‍ ട്രിവാന്‍ഡ്രം : സ്വാമിയുടെ നിരന്തര പീഡനത്തിന് അറുതി വരുത്തി
എട്ടു വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ 23 കാരി പെണ്‍കുട്ടി അറുത്തുമാറ്റി. കൊല്ലം പന്മനയിലുള്ള ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെന്നറിയപ്പെടുന്ന ആന്‍പത്തിനാലുകാരന്‍ ശ്രീഹരിയാണ് ഈ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്.
കണ്ണമ്മൂലയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11:30 നാണു സംഭവം നടക്കുന്നത്, പെണ്‍കുട്ടി തന്നെയാണ് തിരുവനന്തപുരം കണ്ട്രോള്‍ റൂമില്‍ വിളിച്ചു വിവരം അറിയിക്കുന്നതും. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജന്‍ മാരും യൂറോളജിസ്റ്റും അടങ്ങുന്ന വിദഗ്ദ്ധ സംഘം രക്തസ്രാവം നിലയ്ക്കുന്നതിനുള്ള അടിയന്തിര ശസ്ത്രക്രിയ ചെയ്തു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണ്. കുട്ടിക്ക് 15 വയസുള്ളത് മുതല്‍, പ്രാര്‍ത്ഥനയ്ക്കും പൂജകള്‍ക്കും മറ്റുമായാണ് സ്വാമി ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായത്. കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്.
ദൈവതുല്യനായി സമൂഹം കാണുന്ന സ്വാമി തന്നെ നീണ്ടകാലമായി പീഡിപ്പിച്ചു വരികയാണ് എന്ന് താന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, തന്റെ നേരെയുള്ള ഈ ലൈംഗിക അതിക്രമം തടയാന്‍ മറ്റാരുടെയും സഹായം കിട്ടില്ല എന്നുറപ്പായിരുന്നു, സ്വന്തം അമ്മയുടെ പോലും, അതുകൊണ്ടാണ് തനിക്ക് ഇത്തരം ഒരു കൃത്യത്തിനു മുതിരേണ്ടി വന്നത് എന്നാണ് പെണ്‍കുട്ടി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞത്.
ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ഐപിസി 376 പ്രകാരവും ഉള്ള കുറ്റം ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് പേട്ട സി ഐ അറിയിച്ചു. എന്നാല്‍ യുവതിയ്‌ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ യുവതിയ്ക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്.
എന്നാല്‍, ചവറ പന്മന ആശ്രമത്തിന്റെ സത് പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യക്തി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ ഇലക്ഷന്‍ ഐഡി നേടിയിരുന്നു എന്നാല്‍ പിന്നീട് ആശ്രമത്തില്‍ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല. ആ ശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാതര്‍ അറിയിച്ചു.