സൈനിക നീക്കത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കാര്യങ്ങള്‍ അത്ര സുഖകരമല്ല. നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. വ്യോമസേനയിലെ 12,000 ത്തോളം ഓഫീസര്‍മാര്‍ക്കും പ്രത്യേകം അയച്ച കത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ഇതാദ്യമായാണ് ഒരു വ്യോമസേനാ മേധാവി ഓരോ ഓഫീസര്‍ക്കും പ്രത്യേകം കത്തയക്കുന്നത്. കരസേനാ മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെഎം കരിയപ്പയും ജനറല്‍ കെ സുന്ദര്‍രാജയും മുമ്പ് സേനാംഗങ്ങള്‍ക്ക് ഇതു പോലുള്ള കത്ത് അയച്ചിട്ടുണ്ട്.
മുന്‍പില്ലാത്തവിധം ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യോമസേനാംഗങ്ങള്‍ സര്‍വ സജ്ജരായിരിക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഇതിനുവേണ്ട പരിശീലനവും ഒരുക്കങ്ങളും ഉടന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്.
അതിര്‍ത്തിയില്‍ പാകിസ്താനുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും കശ്മീരിലെ പ്രതിഷേധ പ്രകടനങ്ങളും സൈന്യത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് വ്യോമസേനാ മേധാവി ഇത്തരത്തിലുള്ള കത്ത് അയച്ചതെന്ന് വിലയിരുത്തപ്പെടുന്നു. വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ മുമ്പ് പലപ്പോഴും വ്യോമസേനയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുള്ളകാര്യം വ്യോമസേനാ മേധാവി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതില്‍ വ്യോമസേനാംഗങ്ങള്‍ പിന്നോട്ട് പോകരുതെന്ന് കത്തില്‍ നിര്‍ദ്ദേശമുണ്ട്. സ്വജനപക്ഷപാതവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വ്യോമസേനാ മേധാവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ വ്യോമസേനാ വക്താവ് തയ്യാറായിട്ടില്ല. വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു.