ടൊയോട്ട സണ്ണി: ഓര്‍മ്മയായത് കുവൈത്ത് മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖം
കുവൈത്ത് സിറ്റി: പ്രമുഖ വ്യവസായിയുമായ കുവൈത്തിലെ സാംസ്‌കാരിക പൊതുപ്രവര്‍കനുമായ ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന എം.മാത്യൂസ് (81) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി കഴിയുകയായിരുന്നു. കുവൈത്ത് ഖാദിസിയയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കന്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു.
കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുന്പ് 1956 ഒക്ടോബറിലാണു അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈയില്‍ കന്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവില്‍ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണ് മലയാളി സമൂഹത്തിനിടയില്‍ അറിയപ്പെട്ടിരുന്നത്.
1990 ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകനായ മാത്യൂസ് 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1990 ഓഗസ്റ്റ് രണ്ടാം തിയതി കുവൈത്തില്‍ സദ്ദാം ഹുസൈന്റെ ഇറാഖ് സേന അധിനിവേശം തുടങ്ങിയ മാസങ്ങളില്‍ പ്രവാസികളുടെ കൂട്ടപ്പലായനം നടന്നു. അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കു പ്രവാസികളുടെ പലായനം ഉണ്ടായപ്പോള്‍ യാത്രാ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രധാന മലയാളിയായിരുന്നു ടൊയോട്ട സണ്ണി.
പൂര്‍ണതകര്‍ച്ചയില്‍നിന്നു കുവൈത്തിനെ പുനഃസൃഷ്ടിക്കാനുള്ള ദൗത്യത്തില്‍ സജീവ പങ്കാളികളായാണു മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ മടങ്ങിയെത്തിയത്. അവിടെയും സണ്ണി വലിയ സഹായമായി മാറി. ആയിരങ്ങള്‍ക്കു യുദ്ധവും തുടങ്ങിയ ശേഷവും അവസാനിച്ച ശേഷവും അദ്ദേഹം തുണയായി.
എയര്‍ലിഫ്റ്റ് എന്ന അക്ഷയ്കുമാര്‍ ചിത്രം പറഞ്ഞത് ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കരളലയിക്കുന്ന കഥയായിരുന്നു. ഇത് സണ്ണിയുടെ ജീവിതത്തെ ആസ്പമാക്കിയാ ണെന്നാണ് പറയുന്നത്. കുവൈത്തില്‍ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്ന സംഭവം വിവരിക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നപ്പോള്‍ മുന്‍നിരയില്‍ നിന്ന് ഇന്ത്യന്‍ ജനതയെ നയിക്കുന്നതില്‍ മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണി ഉണ്ടായിരുന്നു. കുവൈത്തില്‍ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഭാരതത്തെയും മലയാളികളെയും അന്യദേശത്ത് നിന്ന് അകമഴിഞ്ഞും, ജീവന്‍ പണയപ്പെടുത്തിയും സ്‌നേഹിച്ച വലിയവ്യക്തിത്വമാണ് ഓര്‍മ്മയായത്.
പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ്. ഭാര്യ മേരി മാത്യു. മക്കള്‍ ജോയ് മാത്യു, ആനി മാത്യു, സൂസന്‍ മാത്യു.