സബര്‍മതി സ്‌ഫോടന കേസ്: പതിനാറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അഹ്മദ് വാനി മോചിതനാവുന്നു.

സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഗുല്‍സാര്‍ അഹമ്മദ് വാനി, അബ്ദുല്‍ മുബീന്‍ എന്നിവരെ കോടതി കുറ്റ വിമുക്തരാക്കി. എം. എ ഖാന്റെ നേതൃത്വത്തിലുള്ള അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മതിയായ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വെറുതെ വിട്ടത്.

2000 ല്‍ നടന്ന സബര്‍മതി എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസിലാണ് ഇരുവരും അറസ്റ്റിലായത്. സിമി പ്രവര്‍ത്തകരാണെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇരുവരെയും പ്രതിപട്ടികയില്‍ ചേര്‍ത്തിരുന്നതെന്ന് കോടതി പറഞ്ഞു. അലിഗഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ വാനിയെ 2001 ജൂലൈ 31 നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. നീണ്ട 16 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കാശ്മീര്‍ ബാറാമുള്ള സ്വദേശിയായ വാനി പുറം ലോകം കാണുന്നത്. മുബീന് 2008 ല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പതിനാറ് വര്‍ഷമായി ജാമ്യം പോലും അനുവദിക്കാതെ വാനിയെ ജയിലിലടച്ച നടപടിയെ കഴിഞ്ഞ മാസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. വാനക്കെതിരെ പോലീസ് ചുമത്തിയ പത്ത് കേസുകളില്‍ അദ്ധേഹം കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഇതോടെ മുഴുവന്‍ കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടു. ഇതോടെ നീണ്ട പതിനാറ് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ താമസിച്ച് വാനിയുടെ കുടുംബം നടത്തിയ നിയമ പോരാട്ടങ്ങള്‍ കൂടിയാണ് വിജയത്തിലെത്തുന്നത്.