ഭയന്ന ‘സ്രാവുകള്‍’ നിയമത്തിന്റെ നൂലാമാലകള്‍ ഉയര്‍ത്തി ; ഡി.ജി.പി ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുസ്തക പ്രകാശനം റദ്ധാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭയന്ന ‘സ്രാവുകള്‍’ നിയമകുരുക്കിന്റ നൂലാമാലകള്‍ ഉയര്‍ത്തിയപ്പോള്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയുടെ പ്രകാശനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജന്‍ പിന്‍മാറി. ഇതോടെ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്താനിരുന്നു പുസ്തക പ്രകാശനം റദ്ദാക്കി.
പ്രസ് ക്ലബ് ഹാളില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്. സര്‍വീസിലിരിക്കേ ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയെന്ന് ചൂണ്ടിക്കാട്ടി കെ.സി ജോസഫ് എം.എല്‍.എയാണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ജേക്കബ് തോമസിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതടെ പ്രകാശനം റദ്ദാക്കിയതായി ജേക്കബ് തോമസും വ്യക്തമാക്കി. പ്രകാശനം റദ്ദാക്കിയെങ്കിലും ഓണ്‍ലൈനിലും വിപണിയിലും പുസ്തകം ലഭ്യമാക്കി തുടങ്ങി.
തനിക്ക് യൂനിഫോം നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് ജേക്കബ് തോമസ് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. പഠനകാലം, പരിശീലനകാലം, സര്‍വീസ് കാലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. കേസുകളുടെ വിശദാംശങ്ങളോ അന്വേഷണത്തിലെ പാളിച്ചകളോ വിശദീകരിച്ചിട്ടില്ല. മുന്‍മന്ത്രി കെ ബാബുവിനെ കുറിച്ചും ബാര്‍ കോഴ കേസിനെ കുറിച്ചും കാര്യമായ പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടാവും.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കേ, കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതും തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതറിയാതെ ഓഫിസില്‍ എത്തിയതുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സപ്ലൈകോ എം.ഡിയായിരിക്കേ കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയെങ്കിലും തട്ടിപ്പിലെ പ്രധാന കണ്ണി മരണപ്പെട്ടതിനാല്‍ പുസ്തകത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. കെ.സി ജോസഫ് എം.എല്‍.എയുടെ പരാതി വന്നതോടെ കോണ്‍ഗ്രസുകാര്‍ പുസ്തകത്തെ ഭയക്കുന്നു എന്ന് തന്നെ വേണം കരുതാന്‍.