തന്റെ നിയമപോരാട്ടം മലയാള സിനിമയിലെ ജന്മികുടിയാന്‍ സമ്പ്രദായം അവസാനിപ്പിയ്ക്കാന്‍: വിനയന്‍

ദമ്മാം: സൂപ്പര്‍താരങ്ങളുടെ നിയന്ത്രണത്തില്‍ മലയാളസിനിമയില്‍ പരോക്ഷമായി നിലനില്‍ക്കുന്ന ജന്മി-കുടിയാന്‍ ബന്ധങ്ങളെ അവസാനിപ്പിയ്ക്കുക എന്നതായിരുന്നു, താന്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ ആത്യന്തികലക്ഷ്യമായിരുന്നത് എന്ന് പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍ പറഞ്ഞു.

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സ്വാഗതസമ്മേളനത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം, നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി മറ്റൊരു സിനിമാപ്രവര്‍ത്തകനോടും യാതൊരു ശത്രുതയും മനസ്സില്‍ വെച്ച് പുലര്‍ത്താത്ത ഒരാളാണ് ഞാന്‍. സൂപ്പര്‍താരങ്ങളും, സംവിധായകരും, അവരുടെ സില്‍ബന്ദികളും നിയന്ത്രിയ്ക്കുന്ന വലിയൊരു മാഫിയസംഘം തന്നെ മലയാള സിനിമലോകത്ത് ഉണ്ടാകുകയും, അവര്‍ക്ക് ഇഷ്ടമല്ലാത്ത ആരെയും വിലക്കേര്‍പ്പെടുത്തി, മലയാള സിനിമയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ഒരു കാലത്താണ്, അതിനെതിരെ ഒരു ഒറ്റയാള്‍പ്പോരാട്ടം തനിയ്ക്ക് നടത്തേണ്ടി വന്നത്. താനെടുത്ത നിലപാടുകള്‍ ശരിയായിരുന്നു എന്ന് നിയമപോരാട്ടത്തിലൂടെ വിജയം നേടി തെളിയിയ്ക്കാന്‍ കഴിഞ്ഞു. ഈ വിധി കാരണം ഇനി ആരെയും വിലക്കേര്‍പ്പെടുത്താന്‍ താരരാജാക്കന്മാര്‍ക്കോ, സിനിമ സംഘടനകള്‍ക്കോ കഴിയില്ല. ആ വിജയത്തിന് അപ്പുറം മറ്റൊരു സാമ്പത്തികനേട്ടവും തനിയ്ക്ക് ആവശ്യമില്ല. ഇനിയും പുതിയ സിനിമകളിലൂടെ മലയാള സിനിമ ലോകത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദമ്മാം റോസ് ഹാളില്‍ നടന്ന സ്വാഗതസമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സ്വാഗതസമ്മേളനത്തില്‍ വെച്ച് നവയുഗം സാംസ്‌കാരികവേദിയുടെ കേന്ദ്രകമ്മിറ്റി, വിവിധ മേഖലകമ്മിറ്റികള്‍, യൂണിറ്റ് കമ്മിറ്റികള്‍, ജീവകാരുണ്യവിഭാഗം, കുടുംബവേദി, വായനവേദി, കലാവേദി, വനിതാവേദി, കായികവേദി, ബാലവേദി തുടങ്ങിയവയുടെ നേതാക്കള്‍ വിനയന് സ്വീകരണം നല്‍കി.