നിര്‍ഭാഗ്യം വേട്ടയാടിയ രാധാമണി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടം മൂലം രോഗിയായപ്പോള്‍ സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം മൂക്കന്നൂര്‍ സ്വദേശിനിയായ പുതിയേടത്ത് കൊച്ചുദേവന്‍ രാധാമണിയ്ക്കാണ് വിധിയുടെ ക്രൂരത മൂലം പ്രവാസം അവസാനിപ്പിയ്‌ക്കേണ്ടി വന്നത്. ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് രാധാമണി, വീട്ടുജോലിക്കാരിയായി ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ എത്തിയത്. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന്റെ ദയനീയമായ സാമ്പത്തിക അവസ്ഥയോര്‍ത്താണ് രാധാമണി പ്രവാസിയായത്. ജോലി ചെയ്ത വീട്ടിലെ നല്ല പെരുമാറ്റവും, മോശമല്ലാത്ത ജോലിസാഹചര്യങ്ങളും, കൃത്യമായി ശമ്പളം തരുന്ന വീട്ടുകാരും കാരണം തന്റെ ജീവിതം മെച്ചപ്പെടും എന്ന പ്രതീക്ഷ രാധാമണിയില്‍ വളര്‍ന്നു.

എന്നാല്‍ വിധി ഒരു അപകടത്തിന്റെ രൂപത്തില്‍ രാധാമണിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് പെട്ടെന്നായിരുന്നു. ഒരു ദിവസം ജോലിക്കിടയില്‍ കാല്‍ തെറ്റി വീണ് തല അലമാരിയില്‍ പോയിടിച്ചു രാധാമണിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും, അവര്‍ ബോധഹരഹിതയാവുകയും ചെയ്തു. ആ വീട്ടുകാര്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിച്ചു. രണ്ടു മാസത്തെ ചികിത്സയില്‍ പരിക്ക് മാറിയെങ്കിലും, തലയ്ക്ക് അനുഭവപ്പെട്ട മന്ദത കാരണം, ശാരീരികഅദ്ധ്വാനം ചെയ്യാനുള്ള ആരോഗ്യം അവര്‍ക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, രാധാമണിയുടെ അവസ്ഥ മനസ്സിലാക്കി, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കാന്‍ തയ്യാറായി. മഞ്ജു മണിക്കുട്ടന്‍, രാധാമണിയുടെ സ്‌പോണ്‍സറുമായി സംസാരിച്ചെങ്കിലും, യാതൊരു സഹായവും താന്‍ നല്‍കാന്‍ പോകുന്നില്ലെന്നും, രാധാമണി സ്വന്തം ചിലവില്‍ നാട്ടിലേയ്ക്ക് പോകട്ടെയെന്നുമായിരുന്നു സ്പോണ്‍സറുടെ മറുപടി.

തുടര്‍ന്ന് മഞ്ജു വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ രാധാമണിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി. മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി, രാധാമണിയ്ക്കുള്ള വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ചു. കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റിയംഗം ഷിജോയ് ദേവസ്യ രാധാമണിയ്ക്ക് വിമാനടിക്കറ്റ് നല്‍കി.

മഞ്ജുവിനും നവയുഗത്തിനും നന്ദി പറഞ്ഞ്, രണ്ടുമാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, രാധാമണി കൊച്ചിയിലേയ്ക്ക് പറന്നു. വെറും കൈയ്യോടെ മടങ്ങിയ രാധാമണിയുടെ മുന്നില്‍, പാവപ്പെട്ട കുടുംബത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി അവശേഷിയ്ക്കുന്നു.