രാജ്യസ്‌നേഹം തെളിയിയ്ക്കാന്‍ ജനങ്ങള്‍ സംഘപരിവാര്‍ അംഗത്വം എടുക്കേണ്ട ഗതികേടിലേയ്ക്ക് മോഡിസര്‍ക്കാര്‍ ഇന്ത്യയെ തരം താഴ്ത്തുന്നു: നവയുഗം

ദമ്മാം: സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി അക്രമോത്സുകമായ കപടദേശീയതയില്‍ അധിഷ്ഠിതമായ പ്രചാരണങ്ങള്‍ വഴിയും, പശുവിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ പതിനെട്ടാം നൂറ്റാണ്ടിലേയ്ക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് നവയുഗം സാംസ്‌കാരികവേദി കൊദറിയ സനയ്യ യൂണിറ്റ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന പൗരന്മാര്‍ക്ക്, സ്വന്തം രാജ്യസ്‌നേഹം തെളിയിയ്ക്കാന്‍, സംഘപരിവാര്‍ സംഘടനകളില്‍ നിര്‍ബന്ധിത അംഗത്വം എടുക്കേണ്ട ഗതികേടിലേക്കാണ് രാജ്യം നീങ്ങുന്നത്. ‘ആടിനെ പട്ടിയാക്കുന്ന’ തസ്‌കരതന്ത്രങ്ങളെപ്പോലെ, തങ്ങളുടെ ആശയങ്ങളെയും രാഷ്ട്രീയ താത്പര്യങ്ങളെയും എതിര്‍ക്കുന്നവരെ ‘രാജ്യദ്രോഹികളായും, പാകിസ്ഥാന്‍ ചാരന്മാരായും’ മുദ്രകുത്തി അടിച്ചമര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിയ്ക്കുന്നത്. ഇതിനെതിരെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും, ജനാധിപത്യവിശ്വാസികളും ഒന്നിച്ചു പൊരുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നതായി പ്രമേയം ഓര്‍മ്മിപ്പിച്ചു.

ദമ്മാം താജ് ആഡിറ്റോറിയത്തില്‍ കൊദറിയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അഷറഫ് തലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു. നിസാമുദ്ദീന്‍ വെഞ്ഞാറന്മൂട് സ്വാഗതവും, വിജേഷ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

കൊദറിയ സനയ്യ യൂണിറ്റിന് പുതിയ നേതൃത്വത്തെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. യൂണിറ്റ് രക്ഷാധികാരിയായി നിഷാദിനെയും, യൂണിറ്റ് പ്രസിഡന്റായി നിസാമുദ്ദീന്‍ വെഞ്ഞാറന്മൂടിനെയും, വൈസ് പ്രസിഡന്റുമാരായി ഫസല്‍, ബഷറള്ള എന്നിവരെയും, സെക്രട്ടറിയായി റിജേഷ് കണ്ണൂരിനെയും, ജോയിന്റ് സെക്രട്ടറിമാരായി വിജേഷ്, സലിം എന്നിവരെയും ട്രെഷററായി ആസിമിനെയും, സന്തോഷ്, റഷീദ്, കലാം, നവാസ്, സന്തോഷ് ആര്‍.സി, ഷംനാദ്, റഹീം, സന്തോഷ്.കെ.പി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.