പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

ഏകദേശം എണ്‍പതു ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് നീലയും, പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്.

കാര്‍ഡുകള്‍ അതത് റേഷന്‍ കടകള്‍ വഴിയോ അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ വിതരണം നടത്തും. ഓരോ റേഷന്‍ കടകളുടെയും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങളിലൂടെ അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വിതരണ സമയം. റേഷന്‍ കാര്‍ഡുകള്‍ വാങ്ങുന്നതിന് കാര്‍ഡുടമയോ, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിലെ മറ്റ് അംഗങ്ങളോ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി നിശ്ചിത തീയതിയില്‍ വിതരണ സ്ഥലത്ത് എത്തണം. നിലവിലുള്ള റേഷന്‍ കാര്‍ഡ് കൗണ്ടറില്‍ ഏല്പിച്ച് ക്യാന്‍സല്‍ഡ് സീല്‍ പതിച്ച് തിരികെ നല്‍കും.

നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് പുതിയ കാര്‍ഡ് വാങ്ങാം. മുന്‍ഗണനാ വിഭാഗം കാര്‍ഡിന് അന്‍പത് രൂപയും പൊതുവിഭാഗം കാര്‍ഡിന് നൂറ് രൂപയുമാണ് വില. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് സൗജന്യനിരക്കാണ്. അന്തിമപട്ടിക പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുകയും എന്നാല്‍ അനര്‍ഹരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തവരുടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗം എന്ന സീല്‍ പതിച്ച് നല്‍കും.

റീ-റാങ്കിംഗ് നടത്തുമ്പോള്‍ പൊതുവിഭാഗത്തിന് നല്‍കുന്ന കാര്‍ഡ് അച്ചടിച്ച് നല്‍കുകയും ചെയ്യും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു ലഭിച്ച അപേക്ഷകളില്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തുന്നവരുടെ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ റീ-റാങ്കിംഗ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തും.

പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ജൂലൈ മുതല്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കാം.