ശശികലയുടെ പ്രസംഗം മോഹന്‍ലാലിന്‍റെ മൌനത്തിനെ പരിഹസിച്ച് വി ടി ബല്‍റാം
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിനു മഹാഭാരതം എന്ന് പേരിട്ടു റിലീസ് ചെയ്താല്‍ ചിത്രം തിയറ്റര്‍ കാണില്ല എന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വെല്ലുവിളി വന്നിട്ടും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത നടന്‍ മോഹന്‍ലാലിനെ പരിഹസിച്ച് കോണ്ഗ്രസ് എം എല്‍ എ വി ടി ബല്‍റാം.
കഴിഞ്ഞ കുറച്ചു കാലമായി മോഹന്‍ലാല്‍ വെച്ചുപുലര്‍ത്തുന്ന ബി ജെ പി, ആര്‍ എസ് എസ് ചായ് വിനെയാണ് വിടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്. “ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ,
ഡോ. സുനിൽ പി ഇളയിടത്തിന്റെ “മഹാഭാരതം: സാംസ്കാരിക ചരിത്രം” എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ” എന്ന് തുടങ്ങുന്ന പോസ്റ്റ് തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ആവശ്യപ്പെടുന്നു.കൂടാതെ മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്‌സ്റ്റ് അല്ലെന്നും മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും ബല്‍റാം പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ,
ഡോ. സുനിൽ പി ഇളയിടത്തിന്റെ “മഹാഭാരതം: സാംസ്കാരിക ചരിത്രം” എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
രണ്ട് രീതിയിലായിരിക്കും അത് താങ്കൾക്ക് പ്രയോജനപ്പെടുക:
ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിർമ്മിക്കപ്പെടുന്ന ചലച്ചിത്രത്തിൽ താങ്കളവതരിപ്പിക്കാൻ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ വിശാലതയിൽ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമൻ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കിൽ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാൽ അത് തീയേറ്റർ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കൾ ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും.
മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്‌സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളർന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും
താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ് ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.