സൌദിയിലെ എണ്ണയില്‍ കണ്ണുവെച്ചു ഇന്ത്യ ; ഇനിയെങ്കിലും എണ്ണവില കുറയുമോ എന്ന് ജനം
രാജ്യത്ത് പെട്രോളും ഡീസലും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടിയാല്‍ എന്ത് രസമായിരുന്നു അല്ലെ. ചുമ്മാ ആഗ്രഹം മാത്രമാണ് എന്ന് പറയാന്‍ വരട്ടെ. മറ്റു രാജ്യങ്ങളെ പോലെ ഇവയെല്ലാം കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരികള്‍ വാങ്ങുവാന്‍ ഇന്ത്യക്ക് താല്‍പര്യം ഉണ്ട് എന്നാണു അറിയുവാന്‍ കഴിയുന്നത്. ഈ കമ്പനി സൗദി ഭരണകൂടം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഓഹരികള്‍ വിറ്റഴിക്കാനും തീരുമാനിച്ചു. ഇതാണ് ഇന്ത്യ കമ്പനിയില്‍ കണ്ണുവെക്കാന്‍ കാരണമായി പറയുന്നത്. സൗദി അരാംകോയില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിക്ഷേപിക്കുമെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അരാംകോയുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുമായി സംയുക്ത എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങുന്നതില്‍ താല്‍പര്യമുണ്ടെന്ന് അരാംകോയും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് പുതിയ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല ഇന്ത്യ നിര്‍മിക്കുന്നുണ്ട്. മൂന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ചേര്‍ന്നാണ് ഈ ശാല നിര്‍മിക്കുന്നത്. അതേസമയം എന്തൊക്കെ നടന്നാലും എണ്ണ വില കുറയുമോ എന്നാണ് ജനം ചോദിക്കുന്നത്.