ഇന്ത്യയെ ആക്രമിച്ചു എന്ന് കാണിക്കുവാന്‍ വ്യാജ വീഡിയോയുമായി പാക്കിസ്ഥാന്‍

ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ തകര്‍ത്തു എന്നവകാശപ്പെടുന്ന തരത്തില്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ട വീഡിയോകള്‍ വ്യാജമെന്ന് തെളിയിച്ച് ഇന്ത്യ. നൗഷെറയിലെ സൈനിക പോസ്റ്റ് തകര്‍ക്കുന്നതെന്ന പേരിലാണ് പാകിസ്താന്‍ മേജര്‍ ജനറല്‍ വീഡിയോ പുറത്തുവിട്ടത്. അതേസമയം വീഡിയോ വ്യാജമാണെന്നും ഇത്തരം ആയുധങ്ങളെ പ്രതിരോധിക്കാനാവുന്ന തരത്തിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.

 

ബോംബാക്രമണത്തില്‍ ഉണ്ടാകുന്ന സ്‌ഫോടനമാണ്. കൂടാതെ പരിശോധനയില്‍ വീഡിയോയില്‍ എഡിറ്റിങ് മാര്‍ക്കുകളും കണ്ടെത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. പോസ്റ്റുകള്‍ക്ക് നേരെ പീരങ്കി ആക്രമണം നടത്തി എന്നാണു പാക്ക് പട്ടാളം അവകാശപ്പെട്ടത്. അതുപോലെ സിയാചിന്‍ മലനിരകള്‍ക്ക് മുകളിലൂടെ പാകിസ്താന്‍ പോര്‍വിമാനങ്ങളുടെ യുദ്ധപരിശീലനം നടത്തി എന്ന അവകാശവുമായി പാക് മാധ്യമങ്ങളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ വ്യോമമേഖലയില്‍ യാതൊരുവിധ കടന്നുകയറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സിയാചിനില്‍ പറന്നതായി സാമ ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനിലെ സ്‌കാര്‍ദുവിലുള്ള ഖാദ്രി എയര്‍ബേസില്‍ നിന്നുമാണ് പോര്‍വിമാനങ്ങള്‍ പറന്നത്. യുദ്ധപരിശീലനം കാണുന്നതിനായി പാക് വ്യോമസേന തലവന്‍ സൊഹൈല്‍ അമന്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് മിറാഷ് പോര്‍വിമാനങ്ങളില്‍ സിയാചിന്‍ മേഖലയില്‍ എത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് വ്യോമസേന തലവന്‍ വിമാനം പറത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.