ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്
വാഷിംഗ്ടണ്‍: ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിക്ക് ഡൊണാള്‍ഡ് ട്രമ്പ് അര്‍ഹനായി. യിസ്രായേല്‍ സന്ദര്‍ശനത്തിനായി എത്തി ചേര്‍ന്ന ട്രമ്പ് മെയ് 22 തിങ്കളാഴ്ചയായിരുന്നു മതില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇങ്ങനെ ഒരവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, ട്രമ്പ് പറഞ്ഞു.
തലയില്‍ ചെറിയൊരു തൊപ്പി ധരിച്ചു ഏറെ നേരം ഒറ്റക്ക് മതിലില്‍ സ്പര്‍ശിച്ചു ധ്യാനനിരതനായി നിന്നതിന് ശേഷമാണ് ട്രമ്പ് സ്ഥലം വിട്ടത്. പ്രഥമ വനിത, മകള്‍ ഇവാങ്ക, മരുമകന്‍ ജറീഡി കുഷ്‌നര്‍ എന്നിവര്‍ ട്രമ്പിനോടൊപ്പം ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.
ജോര്‍ജ്ജ് H.W.ബുഷ്, ബില്‍ ക്ലിന്റന്‍, ജോര്‍ജ് ബുഷ്, ഒബാമ തുടങ്ങിയവര്‍ മതില്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രമ്പ് മാത്രമാണ് ആദ്യമായി ഇവിടെ സന്ദര്‍ശനത്തിനെത്തിയത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയ ട്രമ്പിനെ സ്വീകരിക്കുവാന്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എത്തിചേരണമെന്ന് പ്രധാനമന്ത്രി നേതന്‍യാഹു നിര്‍ദ്ദേശം നല്‍കിയിരുന്നു. അമേരിക്കയുടെ നല്ലൊരു സുഹൃദ് രാജ്യമാണ് ഇസ്രായേല്‍ എന്ന് കൂട്ടിചേര്‍ക്കുന്നതിനും ട്രമ്പ് അവസരം കണ്ടെത്തി.