“പ്രവാസം – പ്രതീക്ഷകളും യാഥാര്‍ഥ്യവും”; സംവാദത്തിന്റെ പുതിയ തലങ്ങള്‍ തീര്‍ത്ത നവയുഗം സ്‌നേഹസായാഹ്നം

ദമ്മാം: പ്രവാസലോകത്തെ മലയാളികളുടെ സംവാദകശേഷിയ്ക്ക് പുതിയ മാനങ്ങള്‍ തീര്‍ത്ത്, നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല കമ്മിറ്റിയുടെ പുതിയ പ്രതിമാസ സംവാദ പരിപാടിയായ ‘സ്‌നേഹ സായാഹ്നം’ ഉത്ഘാടനം ചെയ്യപ്പെട്ടു.

ദമ്മാം താജ് ഇന്ത്യന്‍ ഹോട്ടല്‍ ഹാളില്‍ നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്‌നേഹസായാഹ്നം ഉത്ഘാടനം ചെയ്തു. പ്രവാസജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ നിന്നും മാറി സൗഹൃദത്തിന്റെയും സംവാദത്തിന്റെയും വര്‍ത്തമാനങ്ങള്‍ തിരയുക എന്ന ലക്ഷ്യമാണ് സ്‌നേഹസായാഹ്നത്തിന് പിന്നിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍, രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ട്രെഷറര്‍ സാജന്‍ കണിയാപുരം എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നവയുഗം ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും, വായനവേദി ലൈബ്രെറിയന്‍ സുമി ശ്രീലാല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ‘പ്രവാസം – പ്രതീക്ഷകളും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ നടന്ന ടേബിള്‍ ടാക്കില്‍ നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവര്‍ക്ക് പ്രവാസലോകത്തിലേയ്ക്ക് വരുമ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളും, വന്നതിനു ശേഷം നേരിടേണ്ടി വന്ന പ്രായോഗിക യാഥാര്‍ഥ്യങ്ങളും വിവരിച്ചു. രസകരമായ സംവാദരീതികളും, സദസ്യരുടെ സജീവമായ പങ്കാളിത്തവും ടേബിള്‍ ടോക്കിനെ ശ്രദ്ദേയമാക്കി.

പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, ഉണ്ണികൃഷ്ണന്‍, രഞ്ജി കണ്ണാട്ട്, മുനീര്‍ഖാന്‍, അഷറഫ് തലശ്ശേരി, സനു മഠത്തില്‍, ശ്രീലാല്‍, നഹാസ്, റിജേഷ്, മാധവ് കെ വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.