ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ്‌ തകര്‍ന്നു ; ടാറിംഗ് നടത്തിയത് മഴയത്ത്

കുറവിലങ്ങാട് : ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ്‌ തകര്‍ന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോട്ടുവാ പള്ളിയമ്പ് റോഡാണ് ടാറിംഗ് നടത്തി 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് മഴയില്‍കുത്തിയൊലിച്ച് തകര്‍ന്നത്. പഞ്ചായത്ത് പദ്ധതിവിഹിതത്തില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വിനിയോഗിച്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം റീടാറിംഗ് നടത്തിയ റോഡ് ആദ്യമഴയില്‍തന്നെ തകര്‍ന്ന് ടാറിംഗ് അടക്കം ഒലിച്ചുപോയത് നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 13,14 വാര്‍ഡുകളിലെ ജനങ്ങളെ തോട്ടുവാ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഗൈക്കോഫാക്ടറിക്കുമുന്നിലൂടെയുള്ള റോഡ് റീടാറിംഗിന് പഞ്ചായത്ത് പണം അനുവദിക്കുന്നത് ഇതില്‍ തോട്ടുവാകുരിശുപള്ളി ജംഗ്ഷനില്‍ നിന്നുമാരംഭിക്കുന്ന ആദ്യഭാഗത്ത് 330 മീറ്ററും ബാക്കി ഗൈക്കോഫാക്ടറിക്കുസമീപം 70 മീറ്ററുമാണ് ബുധനാഴ്ച ടാറിഗ് നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത വേനല്‍മഴിയില്‍ റോഡ് തകര്‍ന്നു. നിര്‍മ്മാണജോലികളിലെ അഴിമതിയും ക്രമക്കേടുമാണ് റോഡ് തകരാനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ജില്ലകലക്ടര്‍,പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതിനല്‍കി.