ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്

ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സയക് ബാനര്‍ജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലിസ്.കഴിഞ്ഞ മാസം(ഏപ്രില്‍) 20 മുതലാണ് ബാനര്‍ജിയെ കാണാതായത്. ബാനര്‍ജി എവിടെയാണെന്നോ, എ്ന്തു സംഭവിച്ചുവെന്നോ ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സാന്‍ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

2014 ല്‍ സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും പി.എച്ച്.ഡി. കരസ്ഥമാക്കിയ ബാനര്‍ജി മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജെറ്റ്, റോക്കറ്റ് ഫ്യൂവല്‍സ് എന്നിവയെകുറിച്ചു പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി തുടരവെയാണ് അപ്രത്യക്ഷമാകുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കൊ, ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏപ്രില്‍ 20ന് യാത്ര പുറപ്പെടേണ്ടിയിരുന്ന ബാനര്‍ജി യാത്ര ചെയ്തതായി രേഖകള്‍ ഒന്നുമില്ലെന്ന് ഡിറ്റക്റ്റീവ് സൊല്‍ സുനൊ(Sal Zuno) പറഞ്ഞു.

ബാനര്‍ജിയെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡിറ്റക്റ്റീവ് സാന്‍ഹൊസെ(650 363 4066) ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിവരം നല്‍കുന്നവരുടെ പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ 800-547-2700 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.