മാട്ടിറച്ചി നിരോധനം അപ്രായോഗികം, നിയമപരമായും രാഷ്ട്രീയമായും നേരിടും: കെ.പി.എ മജീദ്
കോഴിക്കോട്: രാജ്യത്ത് മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബഹുഭൂരിപക്ഷം പൗരന്മാരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും അപ്രായോഗികവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
വേണ്ടത്ര ആലോചനയോ പാര്‍ലമെന്റി്ല്‍ ചര്‍ച്ചയോ ചെയ്യാതെ വിഷയത്തെ ലാഘവത്തോടെ കണ്ട് കേന്ദ്രസര്‍ക്കാറിന്റെ ഒളിയജണ്ട അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ല.
മാട്ടിറച്ചി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിച്ച് മൃഗസ്നേഹത്തിന്റെ കപടനാടകം കളിക്കുന്നവര്‍ ജനാധിപത്യ മതേതര മൂല്ല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്.
ദളിതരും ആദിവാസികളും മുസ്ലിംകളും ഉള്‍പ്പെടെ 85% വരുന്ന രാജ്യത്തെ പൗരന്മാരും സസ്യഭുക്കുകളാണെന്നാണ് കണക്ക്. തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ താമസിക്കാന്‍ കൊഴുപ്പും ചൂടും അധികം ലഭിക്കുന്ന മാംസാഹാരം അനിവാര്യമാണ്. വിശ്വാസപരവും ജീവല്‍പരവുമായ ഭക്ഷണം മൗലികാവകാശമാണ്.
ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വത്തില്‍ പറയുന്ന ഗോവധ നിരോധനത്തിന്റെ മറവില്‍ പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും അറക്കുന്നത് വിലക്കി, വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഏതു യുക്തിയുടെയും നിയമത്തിന്റെയും പിന്‍ബലത്തിലാണെന്നത് വ്യക്തമാക്കണം. മതപരമായ ചടങ്ങുകള്‍ക്കായി മൃഗങ്ങളെ ബലികഴിക്കുന്നതും വിജ്ഞാപനത്തിലൂടെ വിലക്കിയിട്ടുണ്ട്.
എന്തു ഭക്ഷിക്കണമെന്നത് ഭരണകൂടം അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം പ്രവചനാധീതമാണ്. 31% വോട്ടുമാത്രം നേടിയ ന്യൂനപക്ഷ സര്‍ക്കാറാണ് കേന്ദ്രത്തില്‍ ഇത്തരം എടുത്തുചാട്ടത്തിലൂടെ രാജ്യത്തെ സാമ്പത്തിക-ഭക്ഷ്യ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം വിരുദ്ധതയുടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ സംഘ്പരിവാര്‍ ചട്ടുകമായി അധപതിക്കുകയാണ്. ബലിപെരുന്നാളിനോടനുബന്ധിച്ച ബലി കര്‍മ്മം ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്ലിംകളെ നിരോധനം പ്രത്യേകം ബാധിക്കുന്ന വിഷയമല്ല.
മുസ്ലിംകളെ പോലെ തന്നെ ബലികര്‍മ്മം വിശ്വാസവും ആചാരവുമായി കാണുന്ന എത്രയോ വിഭാഗങ്ങളുള്ള നാടാണിത്. മനുഷ്യ ജീവന് പുല്ലുവില കല്‍പ്പിക്കാത്തവര്‍ മൃഗസ്നേഹത്തിന്റെ അമിതാവേശം പ്രകടിപ്പിക്കുമ്പോള്‍ അതിനുപിന്നിലുള്ള വികാരം എല്ലാവര്‍ക്കും വേഗം ബോധ്യപ്പെടും. മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമായ മാട്ടിറച്ചി നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും ചെറുത്തു തോല്‍പ്പിക്കാന്‍ മുസ്ലിംലീഗ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.