രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു; ഉത്തരവില്‍ അവ്യക്തത

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കാള, പശു, പോത്ത്, എരുമ,ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ പെടും. കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണപ്രവര്‍തത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പില്‍ കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. അവയെ കൊല്ലാന്‍ പാടില്ല. ഈ നിയമത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ഗോഹത്യ തടയുന്നത്

നടപ്പിലാക്കിയ മറ്റ് നിബന്ധനകള്‍ നിബന്ധനകള്‍

കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും. കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.

കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകള്‍ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം. വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.

കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം.ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.

മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇന്‍സ്പക്ടറുടെ സാന്നിധ്യമുണ്ടാകണം. തുടങ്ങിയ നിബന്ധനകളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇവ അടുത്ത മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കിയേക്കാമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.