സ്വര്‍ഗീയ സാരംഗുകളില്‍ നാദ ദുന്ദുഭിയുണരുന്നു..

സ്വര്‍ഗ്ഗത്തിനൊരു ഘോഷമുണ്ട്..!

എല്ലാ സൗന്ദര്യത്തോടെയും സ്വര്‍ഗം ചമഞ്ഞ് ഒരുങ്ങും റമളാനിനെ സ്വീകരിക്കാന്‍..
സുഗന്ധ പരിമളം പറുദീസയുടെ താഴ്വാരങ്ങളില്‍ കിന്നരിച്ചു ഒഴുകി നടക്കും.അര്‍ഷിന്റെ താഴ്ഭാഗത്ത് നിന്നും ‘മുശീറ’ എന്നൊരു കാറ്റ് വീശും.ആ തെന്നലിന്റെ തലോടലില്‍ സ്വര്‍ഗ്ഗ വൃക്ഷങ്ങളുടെ ഇലകള്‍ നൃത്തം ചെയ്യും.സ്വര്‍ഗ്ഗ കവാടങ്ങളുടെ വളയങ്ങള്‍ തമ്മിലുരസി കര്‍ണ്ണാനന്ദകരമായ സംഗീതം പൊഴിക്കും…അഴകേറിയ നയനങ്ങളുള്ള സ്വര്‍ഗ്ഗ സ്ത്രീകള്‍ അവരുടെ മേടകളില്‍ നിന്ന് പുറത്തേക്കിറങ്ങും.അപ്പോള്‍ സ്വര്‍ഗീയ സാരംഗുകളില്‍ നിന്നും നാദ ദുന്ദുഭിയുയരാന്‍ തുടങ്ങും…
മുത്തും,മരതകവും,വജ്രവും,പവിഴവും , സ്വര്‍ണ്ണവും ,വെള്ളിയും,വൈഡ്യൂര്യവും,
യാഖൂത്തും ,മര്‍ജാനും പതിച്ച ‘റയ്യാന്‍’ വാതിലില്‍ ആത്മഹര്‍ഷത്തില്‍
അഴകേറും സപ്ത വര്‍ണ്ണ രാജികള്‍ ജ്വലിക്കും.
സ്വര്‍ഗ്ഗ കാവല്‍ക്കാരനായ രിളുവാനോട് പറയപ്പെടും’ഹേ! രിളുവാന്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കുക! എന്റെ ഹബീബിന്റെ ഉമ്മത്തിന്റെ
റമളാന്‍ വന്നെത്തിയിരിക്കുന്നു….’
നാഥന്റെ ശബ്ദം കേട്ട് സ്വര്‍ഗ്ഗ ലോകം കോരിത്തരിക്കും..
നോമ്പ്കാരനെ സ്വീകരിക്കാന്‍ നാളെ സ്വര്‍ഗം
കാത്തിരിക്കും.അതെ പ്രണയത്തിന്റെ സാഫല്ല്യമാണത്.പ്രണയിനിക്ക് വേണ്ടി ദേഹ സുഖങ്ങളുടെ തിരസ്‌ക്കാരത്തിനു കാത്തു വെച്ച സമ്മാനം.അന്ന് പറുദീസയുടെ താഴ്വരയില്‍ സമാഗമം നടക്കും.കാമുകനും കാമുകിയും കണ്ടു മുട്ടുന്ന ആത്മ ലഹരിയില്‍
ഹൂറുകള്‍ കുരവയിടും.മലക്കുകള്‍ വെഞ്ചാമരം വീശും…
അതാണ് മുത്തു നബി പറഞ്ഞത്: ‘നോമ്പ് കാരന് രണ്ടു ആഹ്ലാദമുണ്ട് ഒന്ന് ഇഫ്താറിന്റെ വേള,രണ്ടു സ്വര്‍ഗത്തില്‍ നാഥനെ കണ്ടു മുട്ടുന്ന സമയം ‘
അതെ അനിര്‍വജനീയമായ ആത്മ സായൂജ്യത്തിന്റെ ആകാശപ്പരപ്പില്‍ അല്ലാഹുവിനെ നേരില്‍ കാണുന്ന ആ മുഹൂര്‍ത്തം ഓര്‍ത്താല്‍ ഒരു നിമിഷം പോലും നാഥനെ മറക്കാന്‍ നമുക്കാവില്ല.ഈ റമളാന്‍ നമ്മുടെ ചിന്തകളില്‍ മാറ്റം വരുത്തട്ടെ.വിശപ്പിന്റെ വിളി അറിയാനാണ് നോമ്പ് എന്ന ക്ലീഷേകളെ ഇനിയും നാം കൊണ്ട് നടക്കണോ!? ഇഫ്താരിന്റെ വേളകളില്‍ വിഭവങ്ങളുടെ സമൃദിയില്‍ നാം പലപ്പോഴും നോമ്പിന്റെ മൗലിക ലക്ഷ്യം മറന്നു പോകുന്നു.
നാഥാ..നാളെ സ്വര്‍ഗീയ സാരംഗുകള്‍ സംഗീതം
പൊഴിക്കുന്ന നിമിഷത്തില്‍ നിന്നെയൊന്നു കാണാന്‍..സങ്കല്പങ്ങളുടെ പരികല്‍പ്പനകള്‍ പോലും തെറ്റായ അരൂപിയായ നാഥാ നിന്നെ കണ്ടു നില്ക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമേകണേ..