ആദ്യത്തെ നോമ്പും ഒരുപിടി മസാലയും
റമളാന്‍ ഇങ്ങെത്തി…
അതിനു മുന്‍പേ ക്ഷമ ചോദിച്ചുള്ള സ്റ്റാറ്റസുകളും മെസേജുകളും…….
റമളാന്‍ എന്നാല്‍ കരിച്ചു കളയുക എന്നാണ് അര്‍ത്ഥം..
വിശ്വാസികളുടെ പാപങ്ങള്‍ കരിച്ചു കളയാനുള്ള മാസമായാണ് റമളാന്‍ നമുക്ക് മുന്നില്‍ വെച്ചു നീട്ടിയത്..
എന്റെ നോമ്പോര്‍മ തുടങ്ങുന്നത് എന്റെ ആറാം വയസ് മുതലാകും… അന്നൊക്കെ
വീട്ടില്‍ ബറാഅത് ആകുന്നതിനു മുന്‍പ് തന്നെ ഉമ്മ വീട് മൊത്തം വൃത്തിയാക്കാന്‍ തുടങ്ങും…
പറമ്പ് മൊത്തം അടിച്ചു വാരി തീയിടും…. കൊതുമ്പിലും എടുത്ത് ഞങ്ങളും ഒപ്പം കൂടും…
അതിനോടൊപ്പം തന്നെ മാറാല തട്ടി ജനാലകളൊക്കെ തുണി മുക്കി തുടച്ചു പുതപ്പും വിരിപ്പും ഒക്കെ കഴുകി വൃത്തിയാക്കും…
പിന്നീടുള്ളത് ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയാണ്…
കുപ്പികളും പാത്രങ്ങളും ഒക്കെ കഴുകി തുടച്ചു വൃത്തിയാക്കി വെക്കണം.
അങ്ങനെ ഒരാഴ്ച മുന്‍പേ ഓരോ വീടും നോമ്പിനെ വരവേല്ക്കുകയായി..
എന്റെ ആറാം വയസിലാണ് ഞാന്‍ ആദ്യത്തെ നോമ്പെടുക്കുന്നത്..
ആദ്യത്തെ രണ്ടു നോമ്പെടുക്കാന്‍ അത്താഴത്തിനു വിളിക്കാനും നിയ്യത്ത് വെച്ചു തരാനും ഉമ്മയോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഉമ്മ വിളിച്ചതെ ഇല്ല…
കൂട്ടുകാര്‍ക്കിടയില്‍ നോമ്പില്ലാത്തതിന്റെ നാണക്കേട് ഉമ്മയ്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ…
അങ്ങനെ മൂന്നാം ദിവസം കൂട്ടുകാരുടെ ‘കോഴി ‘ വിളി കേള്‍ക്കാന്‍ വയ്യാത്തതിനാലും നോമ്പെടുക്കാനുള്ള അതിയായ ആഗ്രഹത്താലും ഉപ്പായുടെ തൊട്ടടുത്ത് തന്നെ കിടന്നു..
ഉപ്പ അലാറം വെച്ചാണ് കിടക്കുന്നത് അത് കേട്ട് എനിക്കും അത്താഴത്തിനു എഴുനേല്‍ക്കാമല്ലോ എന്നതിനാല്‍ ആയിരുന്നു അത് …
മൂന്നര ആയപ്പോ അലാറം മുഴങ്ങി…
ഉപ്പയേക്കാള്‍ മുന്നിട്ടു എഴുനേറ്റു പല്ലു തേപ്പൊക്കെ കഴിഞ്ഞു ഭക്ഷണ മേശമേല്‍ കാത്തിരിപ്പായി..
ഉമ്മ ചൂട് ചായയും പത്തലും കൊണ്ട് വെച്ചു…
ഭക്ഷണം കഴിച്ചു ഉപ്പായെ കൊണ്ട് നിയ്യത്തും വെപ്പിച്ചു സുബ്ഹി നിസ്കരിക്കാന്‍ ഒപ്പം കൂടി…..ശേഷം നേരം പുലരാന്‍ കാത്തിരുന്നു….കൂട്ടുകാര്‍ക്കു മുന്പില് നോമ്പുകാരി ആകുന്നതിനുള്ള പത്രാസ് അതൊന്നു വേറെ തന്നെയാണ്.
അന്നൊക്കെ നോമ്പിനു ഞങ്ങള്‍ക്ക് സ്കൂള്‍ ഉണ്ടാവില്ലാര്ന്നു…എട്ടു മണിയാകുമ്പോഴേക്കും ഞങ്ങളെല്ലാരും മൊയ്ദുക്കാടെ പുളി മരച്ചോട്ടിലെത്തും…
വീടുണ്ടാക്കിയും തൊണ്ട് തുരന്നു ഈന്തോലപ്പട്ടയുടെ ഇലകള്‍ മാറ്റി കമ്പ് തൊണ്ടിനുള്ളിലിട്ട് ഞങ്ങള്‍ വണ്ടിയോടിച്ചു കളിക്കും…
പത്ത് പതിനൊന്നര ആകുമ്പോള്‍ സുലെയ്ച്ച ശുഹൈലിനെ കുളിക്കാന്‍ വിളിക്കുന്നതോടെ ഞങ്ങളുടെ കളി അവസാനിക്കും…
അങ്ങനെ നോമ്പുകാരിയായി
വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചതും (നിയ്യത്തും ഫാത്തിഹയും മാത്രം ഉള്ള നിസ്കാരം ആയിരുന്നു അപ്പോഴൊക്കെ )വിശക്കാന് തുടങ്ങി…
‘കുട്യോള് അര നോമ്പെടുത്താല്‍ മതി
ബിസ്മിയും ചൊല്ലി നോമ്പ് മുറിച്ചോ..’ന്ന്
ഉമ്മ പറഞ്ഞതൊന്നും കേട്ടില്ല… എങ്ങനേലും ഒരു നോമ്പെടുക്കണം എന്ന് മാത്രമായിരുന്നു മനസ്സില്‍…
മുറിയില്‍ കയറി കതകടച്ചു
മൂടി പുതച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല… അങ്ങനെ നാല് മണി ആയതും വിശപ്പ് എന്നില്‍ ആളിക്കത്താന്‍ തുടങ്ങി…
അടുക്കളയില്‍ നിന്നും ടയര്‍ പത്തലിന്റെയും പോത്തെറച്ചിയുടെയും മണം വരുന്നുണ്ട്… കുട്ടികള്‍ നോമ്പ് നോറ്റു അടുക്കളയില്‍ കയറുന്നത് ഉമ്മയ്ക്ക് ഇഷ്ടമില്ല.. ഭക്ഷണത്തിനടുത് അധിക സമയം നിന്നാല്‍ നോമ്പ് ബാത്തിലാകും എന്നാണു ഉമ്മാന്റെ പക്ഷം…
എന്നിരുന്നാലും വയറ്റിലെ ആളല്‍ സഹിക്കാനാവാതെ മെല്ലെ ഉമ്മയുടെ അടുത്തേക്ക് ചെന്നപ്പോള്‍ അടുക്കളയില്‍ ഉമ്മയില്ല…..
തൊണ്ട വരണ്ട് വയറ്റില്‍ തീയാളി കത്തും പോലെ…
അപ്പോഴാണ് പ്ലേറ്റില്‍ കുറച്ചു മൊരിഞ്ഞ സാദനങ്ങള് ഇരിക്കുന്നത് കണ്ടത്(അട്ടി പത്തലില് വെക്കുന്ന ചിക്കനും തേങ്ങാ ചമ്മന്തിയും മിക്സ് ചെയ്തുണ്ടാക്കിയ മസാല ആയിരുന്നു അത് )
ചുറ്റും നോക്കിയപ്പോള്‍ ഉമ്മ തൊടിയില്‍ നിന്നും പത്തലുണ്ടാക്കാന്‍ ഇലച്ചീന്ത് കീറിയെടുക്കുകയാണ്…
ഒന്നും നോക്കീല്ല കൈയിട്ടു വാരി ആ മൊരിഞ്ഞ മസാല കുറച്ചെടുത്തു ഞാന്‍ വായിലിട്ടു ഒറ്റ വിഴുങ്ങല്‍…
പിന്നെ പുതപ്പിനുള്ളിലേക്ക്…
മഗ്രിബ് ബാങ്കിനോടടുപ്പിച്ചു ഉപ്പ വത്തക്കയും ആപ്പിളുമൊക്കെയായി വീട്ടിലെത്തി വിളിച്ചപ്പോഴാണ് ഞാന്‍ ഉറക്കമുണരുന്നത്..
നോമ്പുകാരി ആയതിനാല്‍ ഉപ്പ അന്നെന്നെ ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
പക്ഷേ… എനിക്കെന്തോ ഒന്നും കഴിക്കാന്‍ തോനിയില്ല…
കട്ടു കഴിച്ച മസാല മാത്രമായിരുന്നു മനസ്സില്‍…
ഇന്നും എനിക്കറിയില്ല ഒരു പിടി മസാല കൊണ്ട് എന്റെ വിശപ്പ് അടങ്ങിയിരുന്നോ എന്ന്……
ആദ്യത്തെ നോമ്പ് തന്നെ ചീറ്റി പോയതിന്റെ സങ്കടം ആരോടും പറയാതെ ഞാന്‍ അക്കൊല്ലം മൂന്ന് നോമ്പെടുത്തവളായി….!
നോമ്പിനെ കുറിച്ച് നമുക്കെല്ലാം വാതോരാതെ പറയാനുണ്ടാകും…
വിശപ്പിന്റെ കാഠിന്യം അറിയാനാണ് നോമ്പെടുക്കുന്നതെന്നും ഓരോ വിശ്വസാസിക്കുമറിയാം.
ആ നമുക്കിടയില്‍ വെച്ചാണ്
ദിവസങ്ങള്‍ പട്ടിണി കിടന്നു ഒടുക്കം സഹികെട്ടു ഭക്ഷണ ചീന്തു കവര്ന്നെടുത്തത്തിനു രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ തല്ലു വാങ്ങി കൂട്ടേണ്ടി വന്നത്…
ആ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വിശപ്പകന്നിരുന്നോ എന്ന് നോമ്പിനെ കുറിച്ചറിഞ്ഞ ആ മുസ്ലിം നാമദാരിക്ക് നോക്കാന്‍ കഴിയാതെ പോയല്ലോ…..