കേരളത്തില്‍ ഒന്നാം തീയതി മുതല്‍ മദ്യവില കൂടും ; വില കൂട്ടുന്നത് നഷ്ടം കുറയ്ക്കാന്‍

തിരുവനന്തപുരം : പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടി കേരളത്തില്‍ മദ്യത്തിനു വില കൂട്ടാന്‍ തീരുമാനം . ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ബ്രാന്‍ഡുകള്‍ക്ക് 40 മുതല്‍ 100രൂപവരെയാണ് കൂടുന്നത്. പുതുക്കിയ വില തിങ്കളാഴ്ച പുറത്തുവിടും.
പാതയോരത്തെ മദ്യശാലകള്‍ അടഞ്ഞതോടെ ബെവ്‌ക്കോയുടെ കഴിഞ്ഞ മാസത്തെ നഷ്ടം 100കോടിയാണ്. ഈ മാസത്തെ കണക്കെടുത്ത് പൂര്‍ത്തിയാകുമ്പോള്‍ നഷ്ടം 200 കോടികഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവിലവര്‍ദ്ധിപ്പിക്കണമെന്ന് ബെവറേജത് കോര്‍പ്പറേഷന്രെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ക്കും ബെവ്‌ക്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍ക്കും മദ്യവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം വിഹിതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ 24ശതമാനംമാണ് ഓരോ കെയ്‌സ് മദ്യവില്‍ക്കുമ്പോഴും ബെവ്‌ക്കോക്ക് കമ്മീഷന്‍. ഇത് 29 ശതമാനമാക്കും. ഔട്ട്‌ലെറ്റുകളുടെ കമ്മീഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 500നും ആയിരം രൂപക്കുമടയിലുള്ള മദ്യത്തിന് 40 മുതല്‍ 100രൂപവരെ കൂടുമെന്നാണ് കണക്ക്.