സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല കാമുകന്‍ എന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ഒടുവില്‍ യുവതി സ്വാമിയുടെ ലിംഗം മുറിയ്ക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പെണ്‍കുട്ടി അല്ല പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. രാഷ്ട്ര ദീപികയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടത്.
കൂടാതെ പെണ്‍കുട്ടിയല്ല, സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം സ്വാമിയുടെ അമ്മ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ പെണ്‍കുട്ടിയുടെ കാമുകനായ യുവാവിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും ഈ യുവാവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടത്രേ. പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയപ്പെടുന്ന ഈ യുവാവിനെ പോലീസ് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. സ്വാമിയുടെ ലിംഗം വെട്ടിമാറ്റിയ അന്ന് രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വലിയ ശബ്ദമുള്ള ബൈക്കുകള്‍ പോകുന്ന ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറയുന്നുണ്ടത്രേ. സംഭവദിവസം അര്‍ധരാത്രിയോടെയാണ് ഈ ബൈക്കുകള്‍ തിരിച്ചുപോയതെന്നും അയല്‍ക്കാര്‍ പറയുന്നു. ലിംഗം താന്‍ സ്വയം വെട്ടിമാറ്റിയതാണെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമിയുടെ മൊഴി. അതേസമയം തന്റെ ലിംഗം മുറിച്ചത് ഉറക്കത്തിലാണെന്നാണ് സ്വാമി പുതിയതായി മൊഴി നല്‍കിയിരിക്കുന്നത്. താന്‍ രാത്രി ഉറക്കത്തിലായിരുന്നുവെന്നും ആ സമയം പെണ്‍കുട്ടി യാതൊരു പ്രകോപനവും കൂടാതെ തന്റെ ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് സ്വാമിയുടെ പുതിയ മൊഴി.