നിവിന്‍ പോളിയുടെ ഡിമാന്റ് കുറയുന്നുവോ ; ഉറ്റ മിത്രങ്ങളുടെ സിനിമകളില്‍ പോലും നായകന്‍മാര്‍ വേറെ

മലയാള സിനിമയില്‍ നിവിന്‍ പോളിക്ക് ഒരു സ്ഥാനം ഉണ്ടാക്കി കൊടുത്ത ചിത്രങ്ങളായിരുന്നു നേരവും , തട്ടത്തിന്‍ മറയത്തും, 1983 ഉം. നിവിന്‍റെ ആത്മമിത്രങ്ങളായ വിനീത് ശ്രീനിവാസന്‍ , അല്‍ഫോണ്‍സ് പുത്രന്‍ , എബ്രിഡ് ഷൈന്‍ എന്നിവരായിരുന്നു ഈ ചിത്രങ്ങളുടെ എല്ലാം സംവിധായകര്‍. പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗ്ഗ രാജ്യം എന്നിങ്ങനെ ഇവരുടെ ചിത്രങ്ങളില്‍ നിവിന്‍ വീണ്ടും നായകവേഷം ചെയ്തു അവയെല്ലാം വമ്പന്‍ ഹിറ്റുകള്‍ ആയി മാറുകയും ചെയ്തു.

അതിനു ശേഷം നിവിന്‍ നായകനായി അവര്‍ പുതിയ ചിത്രങ്ങള്‍ അനൌണ്സ്മെന്‍റ് ചെയ്തു എങ്കിലും ആ പ്രോജക്റ്റുകള്‍ ഒന്നും തന്നെ നടന്നില്ല എന്നതാണ് സത്യം. തന്റെ മൂന്നാമത്തെ ചിത്രത്തില്‍ എബ്രിഡ് നായകനെ ഒന്ന് മാറ്റി പരീക്ഷിക്കുകയാണ്. പൂമരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. സിനിമ റിലീസിങ് ഘട്ടത്തിലാണ്. കോളേജ് പശ്ചാത്തലമാക്കി ഒരുക്കുന്ന പൂമരത്തിലൂടെ കാളിദാസ് ആദ്യമായി നായകനായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ ഗാനം വമ്പന്‍ ഹിറ്റ്‌ ആയി മാറിയിരുന്നു. എന്നാല്‍ പ്രേമം ഒരുക്കി ചരിത്രം രചിച്ച അല്‍ഫോണ്‍സ് പുത്രനും കാലുമാറുകയാണ് എന്നാണു വിവരങ്ങള്‍. അല്‍ഫോണ്‍സ് ആദ്യമായി ഒരുക്കിയ യുവ് എന്ന ആല്‍ബത്തിലും നേരം, പ്രേമം എന്നീ ചിത്രത്തിലും നായകന്‍ നിവിന്‍ പോളി ആയിരുന്നു. ഇപ്പോഴിതാ നിവിന് പകരം അല്‍ഫോണ്‍സും പുതിയ ചിത്രത്തില്‍ കാളിദാസിനെ നായകനായി പരിഗണിച്ചതായിട്ടാണ്  വാര്‍ത്തകള്‍. അതേസമയം സ്ഥിരം ടീമില്‍ നിന്ന് ഒരു മാറ്റം ആവശ്യമുള്ളതുകൊണ്ടാണ് നിവിന്‍ ഇവരുടെ ചിത്രങ്ങളില്‍ നിന്നും പിന്മാറിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ പൂര്‍ണ്ണമായും തമിഴില്‍ ഒരുങ്ങുന്ന റിച്ചി എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍.