സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുവാന്‍ തയ്യാറായി രജനികാന്തും ; പുതിയ പാര്‍ട്ടി ജൂലായില്‍

ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനോടുവില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. മറ്റൊരു പാര്‍ട്ടിയുമായി കൈകോര്‍ക്കാതെ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുവാനാണ് രജനിയുടെ തീരുമാനം. രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ജൂലായില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗയ്ക്ക്‌വാദ് പറഞ്ഞു.

മറ്റൊരു പാര്‍ട്ടിയുമായും കൈകൊര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തന്റെ ആരാധകരുമായും  അഭ്യുദയകാംഷികളുമായുമുള്ള ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയായതായും അദ്ദേഹം വെളിപ്പെടുത്തി.  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നേ പരമാവധി ആരാധകരുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആരാധകരുടെ പ്രതികരണങ്ങള്‍ക്കൂടി  കണക്കിലെടുത്തായിരിക്കും രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കുക.  പുതിയ പാര്‍ട്ടിയുടെ പേര്, ഘടന തുടങ്ങിയ കാര്യങ്ങള്‍ക്ക് അന്തിമരൂപം കൈവരുന്നതേയുള്ളൂ. പുതിയ രാഷ്ട്രീയ പാര്‍ട്ടിയോടെ തമിഴ്‌നാട് പുതിയൊരു രാഷ്ട്രീയ  യുഗത്തിലേയ്ക്കാണ് പ്രവേശിക്കുകയെന്നും സത്യനാരായണ റാവു പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നിരവധി ഊഹാപോഹങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ട് അദ്ദേഹത്തിന്റെ  സഹോദരന്‍ രംഗത്തെത്തിയത്.