വിയന്ന മലയാളി അസോസിയേഷന്റെ മൂന്നാമത് ജീവകാരുണ്യ സന്ധ്യ ജൂൺ 3ന്: ഇത്തവണ കരുണയുടെ കൂടാരമൊരുങ്ങുന്നത് മലപ്പുറത്ത്


വിയന്ന: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക കാഴ്ചവച്ച് മുന്നേറുന്ന വിയന്നയിലെ ആദ്യകല മലയാളി അസോസിയേഷന്റെ ജീവകാരുണ്യ ഭവന നിര്‍മ്മാണത്തിന്റെ ധന ശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ചാരിറ്റി സായാഹ്നം ജൂണ്‍ 3ന് ഫാറെ അക്കോണ്‍പ്ലാറ്റ്സില്‍ നടക്കും. ഇത് മൂന്നാം തവണയാണ് വി.എം.എയുടെ നേതൃത്വത്തില്‍ ഭാവനരഹിതരായ ഒരു കുടുംബത്തിന് വീടൊരുങ്ങുന്നത്.

ജൂണ്‍ 3ന് (ശനി) വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും. ഡിന്നറോട് കൂടി സമാപിക്കുന്ന സംഗമത്തില്‍ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഇന്ത്യക്കാരോടൊപ്പം ഓസ്ട്രിയകാരായ അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി ചേന്നുംകര, ചാരിറ്റി കോര്‍ഡിനേറ്റര്‍ മാത്യൂസ് കിഴക്കേക്കര എന്നിവര്‍ അറിയിച്ചു.

ചടങ്ങിലൂടെ ലഭിക്കുന്ന വരുമാനം മലപ്പുറം ജില്ലയിലെ നിര്‍ദ്ധനരായ ഒരു കുടുംബത്തിന് അഭയമേകും. ഒറ്റമുറി വാടകവീട്ടില്‍ താമസിക്കുന്ന ഒരു അമ്മയും, മൂന്നു മക്കളുമാണ് വി.എം.എ നിര്‍മ്മിക്കുന്ന കാരുണ്യഭവനം സംരക്ഷണവലയം തീര്‍ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കാന്‍ കഴിയുമെന്നാണ് സംഘടനയുടെ നേതൃത്വം കണക്കുകൂട്ടുന്നത്.

2014ല്‍ വി.എം.എയുടെ നാല്‍പതാം വാര്‍ഷിക സമാപനസമ്മേളനത്തില്‍ ഗ്രാമ വികസനത്തിനും പ്രവാസികാര്യങ്ങള്‍ക്കും വേണ്ടിയുള്ള മുന്‍ സംസ്ഥാന സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫാണ് വി.എം.എ ചാരിറ്റി ട്രസ്റ്റിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് 2015ലും, 2016ലും രണ്ട് വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു.