ദേശിയ രാഷ്ട്രീയം: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളുടെ പച്ചക്കൊടി
ലക്‌നൗ: യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക് പച്ചക്കൊടി. ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും. ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പിയുടെ അഖിലേഷ് യാദവും പങ്കെടുത്തിരുന്നു. യുപിയില്‍ ആദ്യമായി സംയുക്ത റാലി നടത്താന്‍ ഇരുവരും സമ്മതം മൂളി.
കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ചത്തെ യോഗത്തില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് രാജ്യത്ത് ബിജെപിക്കെതിരായി വന്‍ ശക്തിയായി മുന്നണിയുണ്ടാവണമെന്ന ആശയം മുന്നോട്ട് വെച്ചത്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിക്ക് സജ്ജരാണെന്നാണ് പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും ഐകകണ്ഠേനെ സംയുക്ത റാലിക്ക് സമ്മതിച്ചതായി സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ പറഞ്ഞു. ബിജെപിക്ക് എതിരായി ശക്തമായ മുന്നേറ്റം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 27ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ബീഹാറിലെ പാറ്റ്നയില്‍ സംഘടിപ്പിക്കുന്ന റാലിക്ക് ശേഷമാകും യുപിയുലെ റാലി. ലാലുവിന്റെ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ബിജെപി വിരുദ്ധ മുന്നണിക്ക് ഒപ്പം ബിഎസ്പി ഉണ്ടാവില്ലെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ തള്ളുന്നതാണ് മായവതി വിരുന്നിലെടുത്ത നിലപാടെന്നാണ് സൂചന. താന്‍ 100 ശതമാനവും ഒപ്പമുണ്ടെന്നാണ് മായാവതി വിരുന്നില്‍ നല്‍കിയ ഉറപ്പ്.