വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കുന്നവരായിരിക്കണം: ഡോ. മുരളീധര്‍

ഡാളസ്: പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിശ്വാസ ജീവിതത്തില്‍ വളരുന്നതിന് സാധ്യമാകുകയുള്ളൂ. സുപ്രസിദ്ധ വചന പ്രഘോഷകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുരളിധര്‍ പറഞ്ഞു. പ്രശ്‌നങ്ങളില്ലാത്ത ജീവിതം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നത് വിഢിത്തമാണ്. പ്രശ്‌നങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കു മാത്രമേ പുതിയ പാഠങ്ങള്‍ പഠിക്കുന്നതിനും, ആത്മീക പക്വതയിലും, ആന്തരിക അവബോധനത്തിലും വളരുന്നതിനും കഴിയുകയുള്ളൂ എന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ഗുഡ്ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു മെയ് 26, 27 തിയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ പ്രാരംഭ ദിനം ലൂക്കോസിന്റെ സുവിശേഷം 17-ാം അദ്ധ്യായത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു ഡോക്ടര്‍ മുരളിധര്‍.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രശ്‌നങ്ങളുണ്ടാക്കിയവരെ പഴിക്കുന്നതിനോ മറ്റു വഴികളിലൂടെ നേരിടുന്നതിനോ ശ്രമിക്കാതെ ദൈവത്തെ ഏല്പിച്ചു കൊടുക്കുകയാണെങ്കില്‍ അവന്റെ ഓര്‍മ്മ പോലും ഭൂമിയില്‍ നീക്കിക്കളയുമെന്ന ദൈവ വിശ്വാസമാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടതെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു.

ഡാളസ്-ഫോര്‍ട്ട്വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ പ്രസംഗം കേള്‍ക്കുന്നതിന് ഡാളസിലുള്ള അസംബ്ലി ഓഫ് ഗോഡ് ഹാളില്‍ എത്തിച്ചേര്‍ന്നിരുന്നു. തോമസ് മുല്ലക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ ലസ്ലി വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി. പാസ്റ്റര്‍ മാത്യു വര്‍ഗീസ് ഡോക്ടറെ പരിയപ്പെടുത്തുകയും പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും, മലയാളത്തിലും ഗായക സംഘം നടത്തിയ ആരാധന ആത്മീയ ചൈതന്യം പകരുന്നതായിരുന്നു.