ഒരു കുട്ടിക്ക് വില ഒരു ലക്ഷം: പോഷകാഹാരക്കുറവ് മൂലം കുട്ടികളെ നഷ്ടപ്പെട്ട അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ധനസഹായം

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമവും സാംസ്‌കാരികവും വകുപ്പ് മന്ത്രി എ.കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് :

ശിശുമരണങ്ങള്‍ സംഭവിച്ചപ്പോഴാണ് അട്ടപ്പാടിയിലെ ഊരുകളിലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പുറം ലോകം അറിഞ്ഞത്. ഇന്ത്യയിലെ ശരാശരി ശിശുമരണ നിരക്ക് 44 ആണ്. കേരളത്തില്‍ ഇത് 12 ആണെങ്കില്‍ അട്ടപ്പാടിയില്‍ 36 വരെ എത്തിയിരുന്നു. പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണങ്ങള്‍ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ നടപടികള്‍ ആരംഭിച്ചു. ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂണ്‍ മാസത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുന്നിതിയിരുന്നു. അന്ന് പദ്ധതികള്‍ കാര്യക്ഷമമായിരുന്നില്ല. മുഴുവന്‍ ഊരുകളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചും, മണ്‍സൂണ്‍ കാലത്ത് സൗജന്യമായി ഭക്ഷ്യധാന്യം എത്തിച്ചും, ആരോഗ്യ പ്രവര്‍ത്തകര്‍ ഊരുകള്‍ സന്ദര്‍ശിച്ച് പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് പ്രത്യേക പരിചരണം നല്‍കിയും, ഗര്‍ഭിണികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിന് ജനനി-ജന്‍മരക്ഷാ പദ്ധതി നടപ്പിലാക്കിയും, പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ ഇന്ന് നമുക്ക് സാധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെയോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയോ വീഴ്ചകൊണ്ട് ഒരു ശിശുമരണം പോലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ജനിതകരോഗങ്ങള്‍, വിദഗ്ധ ചികിത്സയ്ക്കുള്ള അഭാവം, മറ്റ് ഗുരുതര രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ട മരണങ്ങള്‍ ഇന്നും സംഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ തുടര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോഷകാഹാരക്കുറവ് മൂലം കുട്ടികളെ നഷ്ടപ്പെട്ട അട്ടപ്പാടിയിലെ 38 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹാവും നല്‍കും. ഉടനടി ഈ തുക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

കഴിഞ്ഞ എല്‍ഡിഫ് സര്‍ക്കാരിന്റെ കാലത്താണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 1.8 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിക്ക് കൈമാറി. 100 കിടക്കകളുള്ള പുതിയെ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി അട്ടപ്പാടിക്ക് സമര്‍പ്പിച്ചു.
ആരോഗ്യമേഖലയില്‍ പൊതുജനസേവനങ്ങള്‍ ഗുണമേന്‍മയോടെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാലികമായ നവീകരണം ആവശ്യമാണ്. സമകാലിക ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതോടൊപ്പം ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, പ്രായാധിക്യമുള്ളവര്‍ തുടങ്ങിയവരുടെ ആരോഗ്യരക്ഷ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം. സര്‍ക്കാര്‍ ആശുപത്രികളുടെ വിപുലീകരണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റല്‍, ജീവിതശൈലീ രോഗങ്ങളില്‍ നിന്നും പരിരക്ഷ, കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ നല്‍കല്‍ തുടങ്ങിയവയെല്ലാം ആര്‍ദ്രം വിഭാവന ചെയ്യുന്നുണ്ട്.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കി വരുന്നുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ കോളനികള്‍ വൈദ്യുതീകരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുക കെഎസ്ഇബിക്ക് നല്‍കി. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അട്ടപ്പാടിയില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി നടപ്പിലാക്കുന്നുണ്ട്. അട്ടപ്പാടി നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വിവിധ ഊരുകളില്‍ കോര്‍പ്പസ് ഫണ്ടിലും, പൂള്‍ഡ് ഫണ്ടിലും തുക വകയിരുത്തി. അട്ടപ്പാടിയിലെ പരമ്പരാഗത കൃഷികള്‍ സംരക്ഷിക്കുന്നതിന് കൃഷി വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. (മില്ലറ്റ് വല്ലേജ്).

അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം കോര്‍പ്പസ് ഫണ്ടില്‍ നിന്നും ഒരു കോടി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷവും ഈ ഫണ്ടില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നതാണ്. ഹഡ്‌കോ ഭവന പദ്ധതി പ്രകാരം 466 വീടുകള്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. ഈ വര്‍ഷവും ഈ പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കും. പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി വാത്സല്യനിധി എന്ന ഒരു പുതിയ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.