ലോകം ഭയക്കണം ; കാലാവസ്ഥാ വ്യതിയാനം ഗ്രീന്‍ലാന്‍ഡില്‍ ഭീമാകാര മഞ്ഞുപാളി ഒഴുകിപോയി കടലില്‍ പതിച്ചു

ഭൂമിയുടെ ഭാവി തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് മനുഷ്യ ഇടപെടല്‍ മൂലം പ്രകൃതിക്ക് ഉണ്ടാകുന്ന മാറ്റം. അത്തരത്തില്‍ കിഴക്കന്‍ ഗ്രീന്‍ലാന്‍ഡ് മേഖലയിലെ റിങ്ക് മഞ്ഞുപാളി  വലിയ തോതില്‍ ഉരുകി മാറി കടലില്‍ പതിച്ചു.മഞ്ഞുപാളിയിലുണ്ടായ അതിഭീമമായ മഞ്ഞുരുകലിനെ തുടര്‍ന്ന് മഞ്ഞും വെള്ളവും ചേര്‍ന്ന മിശ്രിതം നാല് മാസംകൊണ്ട്  24 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കടലില്‍ പതിച്ചത്. വെള്ളമായും മഞ്ഞായും പ്രതിമാസം 167 കോടി ടണ്‍ ആണ് ഇവിടെനിന്ന് ഒഴുകി കടലിലെത്തിയത്. അങ്ങനെ നാല് മാസംകൊണ്ട് ഒഴുകിപ്പോയത് 668 കോടി ടണ്‍ മഞ്ഞാണ്. ആറ് കിലോമീറ്ററോളം വീതിയും ഒരു കിലോമീറ്ററോളം ഘനവുമുള്ളതാണ് റിങ്ക് മഞ്ഞുപാളി. മഞ്ഞുരുകല്‍ ഉണ്ടായത് പ്രധാനമായും മഞ്ഞുപാളിയുടെ ഉപരിതലത്തിന് അടിഭാഗത്താണ്.  2012ലെ കടുത്ത വേനലില്‍ വന്‍തോതിലുണ്ടായ മഞ്ഞുരുകലിന്റെ തുടര്‍ച്ചയായാണ് ഇത് സംഭവിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.  മഞ്ഞിന്റെ ബൃഹത്തായ ഈ പ്രവാഹം ഭൂമിയുടെ ഉപരിതലത്തിന്റെ രൂപംതന്നെ മാറ്റിയതായും വലിയ വിള്ളല്‍ രൂപപ്പെടുത്തിയതായും  നാസയിലെ ഗവേഷകര്‍ പറയുന്നു. ഇത്തരം പ്രതിഭാസങ്ങള്‍ തുടര്‍ന്നാല്‍ കടല്‍ ജലം ക്രമാതീതമായി വര്‍ദ്ധിക്കുകയും തുടര്‍ന്ന്‍ കടല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതലായി കരയിലേയ്ക്ക് കയറുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ മനുഷ്യ രാശിക്ക് തന്നെ ആദ്യം കാണേണ്ടിവരും.