തമിഴ്നാട്ടിലെ കേരള തീര്‍ഥാടന സംഘങ്ങളുടെ വാഹനാപകടമരണങ്ങള്‍ ; ഒരു വാട്സ് ആപ്പ് പോസ്റ്റ്‌ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

വാട്സ് ആപ്പില്‍ സത്യവും മിഥ്യയുമായ ധാരാളം മെസേജുകളും ചിത്രങ്ങളും നമുക്ക് ദിവസവും ലഭിക്കാറുണ്ട്. പലതും നമ്മള്‍ മുഖവിലയ്ക്ക് എടുക്കാറില്ല.എന്നാല്‍ ഈ മെസേജ് കണ്ടപ്പോള്‍ ആണ് ഇതില്‍ എന്തോ സത്യാവസ്ഥ ഇല്ലേ എന്ന തോന്നല്‍ ഉണ്ടായത്. കാരണം മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ നാം മാധ്യമങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നാലെ അന്വേഷിച്ചു പോകുവാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല.ഈ മെസേജ് ചിലപ്പോള്‍ ആരെങ്കിലും വെറുതെ പടച്ചു വിട്ടതാകം എന്നാലും ഇതിന്റെ പിന്നില്‍ ഒരു ദുരൂഹത നമുക്ക് തോന്നുന്നുവെങ്കില്‍ എന്ത് കൊണ്ട് ഇതു സത്യമായിക്കൂട.

 

പളനി,തിരുപ്പതി , വേളാങ്കണ്ണി ,ഏര്‍വാടി എന്നിങ്ങനെ തമിഴ്നാട്ടിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പോകുന്ന കുടുംബങ്ങള്‍ ചെറുതല്ല. അതുപോലെതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും. കണക്കുകള്‍ പ്രകാരം
“2004 മുതല്‍ 2017 മേയ് വരെ തമിഴ്നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത്‌ 337 മലയാളികള്‍ ആണ്. ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാന്‍ങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉള്‍പെടും.തമിഴ്നാട്ടിലെ സേലം, ഈറോഡ്‌,തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്. ഇതില്‍ മുഖ്യമായ വിഷയം എന്തെന്നാല്‍ കൂടുതല്‍ അപകടങ്ങളും നടന്നിരിക്കുന്നത് നാം ഏറെ കേട്ടിട്ടുള്ള കുപ്രസിദ്ധമായ “തിരുട്ടു ഗ്രാമങ്ങള്‍ ” സ്ഥിതി ചെയ്യുന്ന പരിസരങ്ങളില്‍ ആണ് എന്നതാണ്. കുടുംബത്തോടൊപ്പം തീര്‍ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതും.സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും.എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക്‌ തിരിച്ചു കിട്ടാറില്ല. തമിഴ്നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് “എഫ്ഫ്.ഐ.ആര്‍.” എഴുതി കേസ് ക്ലോസ് ചെയ്യുന്നു.വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ലാ.തമിഴ്നാട്ടില്‍ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാന്‍ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലന്‍സ് ഉടമകള്‍ മുതല്‍ മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ വരെ ചേര്‍ന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്. നാഷണല്‍ ഹൈവേയില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകള്‍കെതിരെ ഇത് വരെ കേരള സര്‍ക്കാരോ , ജനങ്ങളോ ഒന്നും പ്രതികരിച്ചു കണ്ടില്ലാ.അങ്ങ് അമേരിക്കയിലെ കാര്യങ്ങള്‍ക്കു വേണ്ടി വരെ ഇവിടെ കിടന്നു കടി കൂടുന്നവര്‍ കുറച്ചു ശ്രദ്ധ ഈ ” സംഘടിത നരഹത്യക്കും ” നല്‍കണം.ഇല്ലെങ്കില്‍ ചിലപ്പോള്‍ നാളെ ഒരു തമിഴ്നാട് ഹൈവെ അപകട വാര്‍ത്തയില്‍ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം.അങ്ങനെ ഉണ്ടാവാതിരികട്ടെ.” എന്നിങ്ങനെ പോകുന്നു ആ മെസേജ്. കുറച്ചു കൂടി വിശദമായി അന്വേഷിച്ചാല്‍ ഈ അപകടങ്ങള്‍ നടന്നിരിക്കുന്ന മിക്ക ഇടങ്ങളും അപകടസാധ്യതാ മേഖലകള്‍ അല്ല എന്നതാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന ഈ വഴികളില്‍ തമിഴ്നാട്ടിലെ വാഹനങ്ങള്‍ ഒന്നും തന്നെ അപകത്തില്‍ പെട്ട് വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ്.