സീറോ മലബാര്‍ കുര്‍ബാന ജര്‍മ്മന്‍ ഭാഷയില്‍ അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വിയന്നയിലെ മലയാളി കത്തോലിക്ക യുവസമൂഹം ആഹ്ലാദത്തില്‍

വിയന്ന: സീറോ മലബാര്‍ ആരാധന ക്രമം അനുസരിച്ചുള്ള വി. കുര്‍ബാന ജര്‍മന്‍ ഭാഷയില്‍ അര്‍പ്പിക്കാന്‍ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം അവസരമൊരുക്കിയതില്‍ ഓസ്ട്രിയയിലെ പുതുതലമുറയിലെ യുവതിയുവാക്കള്‍ ആഹ്ലാദത്തില്‍. എം.സി.സി വിയന്നയുടെ പുതിയ യുവസാരഥികളായ ഗ്രേഷ്മ പള്ളിക്കുന്നേല്‍, ഫിജോ കുരുതുകുളങ്ങര, റ്റില്‍സി പടിഞ്ഞാറേക്കാലായില്‍, ജോയ്‌സ് എര്‍ണാകേരില്‍ എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ജര്‍മ്മന്‍ ഭാഷയില്‍ മാതൃസഭയുടെ വി. കുര്‍ബാന അര്‍പ്പിക്കുന്നത് ശ്രദ്ധേയമായ തീരുമാനമായി അഭിപ്രായപ്പെട്ടത്.

വിയന്നയിലെ മലയാളി യുവസമൂഹം യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാസംസ്‌കാരത്തില്‍ ജനിയ്ക്കുകയും, വളരുകയും, പഠിയ്ക്കുകയും, ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ മലയാളം മാതൃഭാഷ ആണെങ്കിലും പ്രായോഗികഭാഷ എന്ന നിലയില്‍ ജര്‍മനാണ് മുഖ്യമായും ആശയവിനിമയത്തിനും കാര്യങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കാനും അഭിലഷണീയമായത്. ആ അര്‍ത്ഥത്തില്‍ മാതൃസഭയുടെ വിശുദ്ധ കുര്‍ബാന ജര്‍മ്മന്‍ ഭാഷയില്‍ ലഭ്യമാക്കിയത് ഏറെ ഫലപ്രദമായെന്ന് യൂത്ത് ഫോറത്തിന്റെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ഇതുവരെ പലപ്പോഴും വി.കുര്‍ബാന മലയാളത്തില്‍ കാണുന്നുണ്ടായിരുന്നെങ്കിലും, അതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. അതേസമയം ജര്‍മന്‍ ഭാഷയില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍, അനായാസമായും എന്നാല്‍ തികഞ്ഞ ആരാധനാ അനുഭൂതിയോടെയും പങ്കെടുക്കാന്‍ കഴിയുന്നെണ്ടെന്നും യൂത്ത് ഫോറം വ്യക്തമാക്കി. മലയാളികളുടെ പൈതൃക വിശ്വാസ സമ്പന്നമായ സീറോ മലബാര്‍ കുര്‍ബാന രാജ്യത്തെ പ്രാദേശിക വിശ്വാസ സമൂഹവും വളരെ താല്പര്യപൂര്‍വ്വം സ്വാഗതം ചെയ്തതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓസ്ട്രിയയിലെ സര്‍ക്കാരും, സഭാ നേതൃത്വവും ഈ സംരംഭത്തെ അതീവ താല്പര്യത്തോടെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

യൂറോപ്പിലെ യുവതലമുറയില്‍ ദൈവ വിശ്വാസത്തിന്റേയും, ധാര്‍മ്മീകതയുടേയും, പൈതൃക ആരാധനാ സംസ്‌കാരത്തിന്റേയും വിത്തുകള്‍ പാകി, വളര്‍ത്തി പരിപോഷിപ്പിക്കുവാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന വിയന്നയിലെ മലയാളി കത്തോലിക്കാ സമുഹത്തോടും, ആത്മീയ നേതൃത്വം നല്‍കുന്ന വൈദീകരോടും, പ്രത്യേകിച്ച് കുര്‍ബാന ജര്‍മന്‍ ഭാഷയിലാക്കാന്‍ നേതൃത്വം നല്‍കിയ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയ്ക്കും മലയാളി യുവ തലമുറ നന്ദി പറയുന്നതായും യൂത്ത് ഫോറത്തിന്റെ വക്താക്കള്‍ അറിയിച്ചു. നിലവില്‍ സ്റ്റാറ്റ്‌ലവ്, മൈഡിലിങ് ദേവാലയങ്ങളില്‍ മാസത്തില്‍ ഒരു തവണയാണ് ജര്‍മന്‍ കുര്‍ബാന നടക്കുന്നത്.