കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേരതരതത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നതിനെക്കുറിച്ച് വാചാലരാവുന്നവര്‍ എന്ത് കൊണ്ട് കേരളത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കന്നുകാലിയെ പരസ്യമായി അറുത്ത സംഭവം പരാമര്‍ശിച്ചാണ് യോഗി ആദിത്യനാഥ് രോഷം കൊണ്ടത്. കശാപ്പ് ചെയ്യുന്നതിനായി കന്നുകാലികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കേരളത്തില്‍ രണ്ട് ദിവസമായി അരങ്ങേറിയത്. ദളിതരേയും ന്യൂനപക്ഷങ്ങളേയും ലക്ഷ്യം വച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം എന്ന വിമര്‍ശനം ബിജെപിയേയും പ്രതിരോധത്തിലാക്കി.
ഇതിനിടെയാണ് കണ്ണൂരില്‍ റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തത്. ഇതോടെ ഈ വിഷയം ചര്‍ച്ചയാക്കി പ്രതിപക്ഷത്തെ തിരിച്ചടിക്കുകയാണ് ബിജെപി. ഇത് തിരിച്ചറിഞ്ഞാണ് കണ്ണൂര്‍ സംഭവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നതും.