ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്, ദുരന്ത ഭീതിയില്‍ ഇന്ത്യയും
നൂറിലേറെ ജീവനുകള്‍ അപഹരിച്ചു ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി. ഇന്ത്യയിലും മ്യാന്മറിലും ചില ഭാഗങ്ങളില്‍ മോറ നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് തീരം തൊട്ടതിന് പിന്നാലെ ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടങ്ങിയിട്ടുണ്ട്.
ഇതിനിടയില്‍ ശ്രീലങ്കയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 ആയി. കനത്ത മഴ തുടരുന്ന കോക്‌സ് ബാസാറില്‍ റോഹിങ്ക്യ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച ക്യാമ്പിന് മേല്‍ മണ്ണിടിഞ്ഞ് വീണതായി റിപ്പോര്‍ട്ടുകളുണ്ട്. മോറ ചുഴലിക്കാറ്റ് ഇന്ത്യയുടേയും മ്യാന്മറിന്റെയും ചില ഭാഗങ്ങളിലും നാശം വിതച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ തീരത്ത് മോറയുടെ പ്രഭാവത്തെ തുടര്‍ന്ന് ശക്തിപ്പെട്ട കാലവര്‍ഷം കനത്ത നാശം വിതച്ചിരുന്നു. ശ്രീലങ്കയില്‍ പ്രളയത്തില്‍ ഇതുവരെ 180 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലുമാണ്. ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ശ്രീലങ്കയില്‍ രക്ഷാ പ്രവ!ര്‍ത്തനം തുടരുകയാണ്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിനും മഴക്കും വഴിവച്ച് രാവിലെ ആറ് മണിയോടെയാണ് ചിറ്റഗോംഗിന് സമീപം മോറ ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവില്‍ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ വീശിയടിക്കുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ 117 കിലോമീറ്റര്‍ ആണ്. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.