അയര്‍ലണ്ടിന്റെ മണ്ണില്‍ സംഗീത പൂമഴ തീര്‍ത്തു സ്റ്റീഫന്‍ ദേവസ്സി. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് കൈമാറിയത് 2000 യൂറോ
ഡബ്ലിന്‍ ഹെലീക്‌സിനെ പ്രകമ്പനം കൊള്ളിച് സംഗീത മാസ്മരികതയില്‍ ആറാടിച് കോരിത്തരിപ്പിച്ച പ്രകടനം കാഴ്ച വച്ച സ്റ്റീഫന്‍ ദേവസ്സിയെയും സോളിഡ് ബാന്‍ഡ് സംഘത്തെയും നിറഞ്ഞ കയ്യടികളുമായാണ് അയര്‍ലണ്ട് മലയാളികള്‍ വരവേറ്റത്. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് വേണ്ടി മൈന്‍ഡ് സംഘടിപ്പിച്ച സ്റ്റീഫന്‍ ദേവസ്സി സോളിഡ് ബാന്‍ഡ് ലൈവ് കണ്‍സേര്‍ട്ടില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാ മലയാളികളും കീബോര്ഡ് മാന്ത്രികന്റെ ഓരോ പ്രകടനവും നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് ആഘോഷിച്ചത്. നാലു മണിക്കൂറോളം ഹെലീക്‌സില്‍ പ്രായഭേതമെന്നെ എല്ലാം മതിമറന്നു മലയാളികള്‍ സംഗീത നിശയുടെ ഭാഗമായി.
വൈകിട്ട് 6ന് രംഗപൂജയോടെ ആരംഭിച്ച പരിപാടികള്‍ സ്റ്റീഫന്‍ ദേവസ്സി നിലവിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു. പരിപാടിയിലൂടെ ലഭിച്ച 2000യൂറോ സ്റ്റീഫന്‍ ടെംപിള്‍ സ്ട്രീറ്റ് ഫൌണ്ടേഷന്‍ അംബാസിഡര്‍ ബോബി ഹൗക്ഷോയ്ക്ക് കൈമാറി. കഴിഞ്ഞ 5 മാസത്തെ മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയമായിരുന്നു ഹെലീക്‌സില്‍ സഫലമായത്. തിരക്കുകള്‍ക്കിടയിലും ചാരിറ്റി പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന മൈന്‍ഡിനെ സ്റ്റീഫന്‍ ദേവസ്സി അഭിനന്ദിച്ചു.
സ്റ്റീഫന്റെ ലൈവ് കണ്‍സേര്‍ട്ടിന്റെ ഭാഗമായി ഒരുക്കിയിരുന്ന സിംഗ് വിത്ത് സ്റ്റീഫന്‍ ടാലന്റ് ഹണ്ടില്‍ സ്റ്റീഫനൊപ്പം വേദിയില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചത് ഡബ്ലിനിലെ നിഖില്‍ എബ്രഹാം തോമസിനായിരുന്നു. ജാസ്മിന്‍ പ്രമോദ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി. അനുഗ്രഹ ജോയി, കരോളിന്‍ എന്നിവരായിരുന്നു അവസാന റൗണ്ടില്‍ മത്സരിച്ചത്. എല്ലാവരുടെയും പ്രകടനത്തെ സ്റ്റീഫന്‍ അഭിനന്ദിച്ചു.
അയര്‍ലണ്ട് മലയാളികള്‍ക്ക് സുപരിചിതനായ ബിനു കെ.പി തന്റെ സുഹൃത്തും ഗുരുതുല്യനുമാണെന്നുള്ള സ്റ്റീഫന്‍ ദേവസ്സിയുടെ പ്രഖ്യാപനം ഏവര്‍ക്കും അഭിമാനമായി.
ഷോയില്‍ പങ്കെടുത്ത ഏവരും സ്റ്റീഫന്റെ കലാവൈഭവത്തേയും മൈന്‍ഡിന്റെ സംഘടന പാടവത്തേയും പ്രശംസിച്ചു. തങ്ങളുടെ മനസ്സില്‍ ഈ സംഗീത വിരുന്ന് മായാതെ നില്‍ക്കുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.
കോണ്‍ഫിഡന്റ് ട്രാവെല്‍സ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. വിശ്വാസ് ഫുഡ്‌സ്, സ്പൈസ് ബസാര്‍, വിസ്ത കരിയര്‍ സൊല്യൂഷന്‍സ് എന്നിവര്‍ ആയിരുന്നു സഹ സ്‌പോണ്‍സര്‍മാര്‍. അയര്‍ലണ്ടിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും പരിപാടിയെ വിജയമാക്കാന്‍ സഹായിച്ച എല്ലാ സ്‌പോണ്‌സര്മാര്ക്കും മൈന്‍ഡ് നന്ദി അറിയിച്ചു.