ദേശീയപാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി; ഹൈവേ അഥോറിറ്റിയുടെ വിജ്ഞാപനം മുതലെടുത്ത് ബാറുടമകള്‍, തദ്ദേശസ്ഥാപങ്ങളുടെ അധികാരം എടുത്തുകളഞ്ഞ് സര്‍ക്കാരിന്റെ ഒത്താശയും

സംസ്ഥാനത്ത് ദേശീയപാതയ്ക്ക് സമീപമുള്ള മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും ഇന്നും നാളെയുമായി തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

അതേസമയം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന അധികാരം എടുത്തുകളയാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചു.

2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അഥോറിറ്റി എടുത്തുമാറ്റിയത്. എന്നാല്‍ ആ പഴുതാണ് ബാറുടമകള്‍ കോടതിയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതും. ഇതോടെ മാഹിയില്‍ പൂട്ടിയ മദ്യശാലകളെല്ലാം ഇന്നും നാളെയുമായി തുറക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ബാറുകള്‍ തുറക്കുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങും വ്യക്തമാക്കി. ഹൈക്കോടതി വിധി നടപ്പാക്കിയെ പറ്റുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.