കശാപ്പ് നിരോധനം: സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും തീരുമാനം

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക് പോകാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യാനാണ് തീരുമാനം.

മൃഗങ്ങളോടുള്ള ക്രൂരത തടയുക എന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടാ ഉത്തരവിറക്കിയത്. നിയമ പ്രകാരം കൃഷി ആവശ്യങ്ങള്‍ക്ക് അല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. പശു, കാള, പോത്ത്, ഒട്ടകം എന്നിവയ്ക്കുമേല്‍ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. കേരളത്തില്‍ ബീഫ് ഫെസ്റ്റിവലടക്കം നടത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിന് ഇടയിലാണ് ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്ക് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.

അതേസമയം ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മൂലം കേരളത്തിലുണ്ടായിരിക്കുന്നതെന്നും ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തിരമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമ നിര്‍മ്മാണത്തിനുള്ള വഴികള്‍ തേടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.