കേന്ദ്രത്തിന്റെ വഴിയേ കേരളവും?.. ഗോവധ നിരോധനത്തിലും മദ്യശാലകള്‍ തുറക്കുന്നതിലും സര്‍ക്കാരുകള്‍ മറയാക്കുന്നത് കോടതിയെ…

ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട നടപ്പിലാക്കുന്നതെങ്കില്‍, കേരളത്തില്‍ മദ്യത്തിന്റെ കാര്യത്തില്‍ എല്‍ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വഴിയും ഒട്ടും വിഭിന്നമല്ല. കണ്ണൂര്‍ – കുറ്റിപ്പുറം, ചേര്‍ത്തല – തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014ല്‍ ദേശീയ പാത അഥോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്. ഇതാണ് അക്ഷരാര്‍ഥത്തില്‍ ബറുടമകള്‍ക്ക് സഹായകരമായതും. കൂടാതെ മദ്യശാലകള്‍ സ്ഥാപിക്കുമ്പോള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി. കൂടി വാങ്ങണമെന്നുള്ള നിയവും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം എടുത്തുകളഞ്ഞിരിക്കുന്നു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് എങ്ങനെയാണ് ഇനി ഈ സര്‍ക്കാര്‍ നീങ്ങുക.

ദേശീയപാതയിലെ അപകടത്തിന് കാരണം സമീപത്തുള്ള ബാറുകളാണെന്നും അതിനാല്‍ അവ പൂട്ടണമെന്നുമുള്ള സുപ്രീംകോടതി വിധി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകള്‍ അടച്ചു പൂട്ടിയിരുന്നു.557 ബിയര്‍, വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 ബാറുകള്‍ എന്നിവ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൂട്ടുകയോ, മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടി വന്നിരുന്നു.

അന്നു മുതല്‍ തന്നെ നടന്ന പല നീക്കങ്ങള്‍ക്കും സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടു നിന്നിരുന്നു എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. ദേശീയ പാതയില്‍ നിന്ന് നിശ്ചിത അകലം പാലിക്കാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചു കൊണ്ടായിരുന്നു പല ബിയര്‍, വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിച്ചിരുന്നതും.
ഘട്ടം ഘട്ടമായി മദ്യ നിരോധനം എന്ന ലക്ഷ്യത്തിലേയ്ക്ക് എന്നു പറഞ്ഞായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയത്. ഇതില്‍ തിരശീലയ്ക്കു പിന്നില്‍ നടക്കുന്ന നാടകങ്ങള്‍ പുറത്തു വരുമെന്നായിരുന്നു നിലവിലെ മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി മദ്യ ലോബിക്ക് എളുപ്പമായിരിക്കുന്നു.

മദ്യനയത്തില്‍ കാതലായ മാറ്റം കൊണ്ടു വരുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണിപ്പോള്‍ ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാന്‍ തീരുമാനമായിരിക്കുന്നത്.ദേശീയ പാത പദവി നഷ്ടമായാല്‍ കൊണ്ടു വരാവുന്ന ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഒന്നു ചിന്തിച്ചിരുന്നുവെങ്കില്‍ മദ്യലോബിക്ക് കാര്യങ്ങള്‍ ഇത്രകണ്ട് എളുപ്പമാകുമായിരുന്നില്ല. അതായത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പൂര്‍ണ്ണ തോതില്‍ ബാറുടമകള്‍ക്ക് ഒത്താശ ചെയ്തു നല്‍കി എന്നു ചുരുക്കം.

കശാപ്പ് നിരോധനത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍ മദ്യത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന മൗനവും സംശയം ജനിപ്പിക്കുന്നതാണ്. വിധി വന്ന ശേഷം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ പോലും കോടതി വിധിയെ തന്നെയാണ് കേരള സര്‍ക്കാരും മറയാക്കിയിരിക്കുന്നത്.