മൂന്നാര്‍ വിവാദ പ്രസംഗം: എം.എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പ്രസംഗസംഗത്തില്‍ വൈദ്യുതി മന്ത്രി എം.എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഇടപെടാന്‍ പര്യാപ്തമായ വിഷയമില്ലെന്നായിരുന്നു കോടതിയുടെ വാദം. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നുള്ള ആവശ്യവും കോടതി തള്ളി.
വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും മന്ത്രിയെന്ന നിലയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി കോടതി നിര്‍ദേശിച്ചു.
പൊതുപരിപാടിക്കിടെ വിവാദ പ്രസ്താവന നടത്തിയത് വഴി മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ ദിവസങ്ങളോളം പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരവും നടത്തിയിരുന്നു. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.