നോമ്പ് കാലം: ഇവിടെ ഇങ്ങനെയാണ്…
നീണ്ട പകല്‍ സമയത്തെ നോമ്പിനും തൊഴിലിടങ്ങളിലെ കഠിനാധ്വാനത്തിനും ശേഷം വൈകുന്നേരങ്ങളില്‍ ലേബര്‍
ക്യാമ്പുകളിലേത്തിച്ചേരുമ്പോള്‍ ഒരു ആശ്വാസമുണ്ടത്രെ. ലോകത്തിലെ വിവിധ ദേശങ്ങളില്‍ നിന്ന് വന്നു വിയര്‍പ്പു കലര്‍ന്ന ജീവിതം നയിക്കുന്നവര്‍ ഒരുമിച്ചു കഴിയുന്നിടം. അവിടെയുള്ള ജീവിതം വര്‍ഷങ്ങളായി അനുഭവിക്കുകയാണ് ഒപ്പം ആസ്വദിക്കുകയാണ് അവര്‍. കൊഴിഞ്ഞു പോയ വര്‍ഷങ്ങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ദൈന്യതായര്‍ന്ന ആ മുഖങ്ങളില്‍ നന്മകളുടെ പ്രതിഫലനങ്ങള്‍ ജ്വലിച്ചു നില്ക്കുന്നത് കണ്ടു.
പറഞ്ഞു തീരാത്ത ആ ജീവിതങ്ങളുടെ ഇന്നലെകളുടെ ശ്രമങ്ങളാണ് കണ്ണഞ്ചിപ്പിക്കുന്ന ഇന്നിന്റെ ഗള്‍ഫ്! ചോദിച്ചറിയുന്ന വാക്കുകള്‍ക്ക് മറുപടിയായി കേള്‍ക്കുന്നത് സന്തോഷങ്ങളാവണെയെന്നു മനസ്സ് കൊതിച്ചു. പുണ്ണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമളാന്‍ ജീവിതത്തിനു നല്‍കിയ ആവേശവും മനസ്സിന് നല്‍കിയ കരുത്തും പലരുടെയും വാക്കുകളില്‍ നിറഞ്ഞു നിന്നു.
ചൂടും തണുപ്പും ചേര്‍ന്ന് വന്ന ഒരുപാട് നോമ്പുകള്‍ കഴിഞ്ഞു ഒപ്പം ഒട്ടേറെ ആഘോഷ ദിനങ്ങളും. ആ രാപകലുകള്‍ തീര്‍ക്കുന്ന സന്തോഷങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്ക് പ്രധാനം എന്ന് പറഞ്ഞു വെച്ച് ഒരു നെടുവീര്‍പ്പ് വീണപ്പോള്‍ ആകാംക്ഷയോടെ വീണ്ടും വീണ്ടും കേട്ടു.
പല ദേശക്കാര്‍, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ കൂടാതെ ജീവിത രീതികളില്‍ പോലും ഒന്നിച്ചു നില്‍ക്കാനാവാത്തവര്‍. അവര്‍ക്കിടയിലും വിവിധ വിശ്വാസങ്ങളനുസരിച്ച് ജീവിതം കൊണ്ട് നടക്കുന്നവര്‍. അന്നം തേടി കടല്‍ കടന്നെത്തിയപ്പോള്‍ കൊതിച്ച ജീവിതത്തിനപ്പുറം വിധച്ച ജീവിതങ്ങളെ സ്വീകരിക്കേണ്ടി വന്നവരാണ് ഞങ്ങള്‍ .
കൂടുതല്‍ കേട്ടപ്പോള്‍ കേട്ടറിവുകളില്‍ പലതും സത്യങ്ങളില്‍ ഏറെ വിദൂരമാണെന്നു തോന്നി. നേരിട്ടറിഞ്ഞപ്പോള്‍ അവരുടെ നോമ്പിലും നിത്യജീവിത കര്‍മ്മങ്ങളിലും സ്രഷ്ടാവിനോടുള്ള വിധേയത്വത്തിന്റെ സൗന്ദര്യങ്ങളെ മനസ്സിലാക്കാനായി. പറഞ്ഞു തുടങ്ങി അവര്‍ ഇങ്ങനെ.
മറ്റു മാസങ്ങളെ പോലെയല്ല ഞങ്ങള്‍ക്ക് നോമ്പ് കാലം. എല്ലാം കൊണ്ടും ഒരു ആശ്വാസമാണ്. സ്രഷ്ടാവിന്റെ അനുഗ്രഹ വര്‍ഷങ്ങളെ സ്വീകരിക്കാന്‍ ഓരോ മനുഷ്യന്റെ മനസ്സും പാകപെട്ടിട്ടുണ്ട് . അവന്റെ കാരുന്ന്യം അനുഭവിച്ചറിയാനുള്ള അവസരം . അതുകൊണ്ടാവണം ഇവിടുത്തെ ഭരണധികാരികള്‍ പോലും പ്രത്യക നിയമങ്ങളെ കൊണ്ട് ജോലി സമയങ്ങളെ ക്രമീകരിച്ചിട്ടുണ്ട്. ശക്തമായ ചൂടുള്ള ഇടങ്ങളില്‍ നോമ്പ്‌നോറ്റ ശരീരവുമായി പണിയെടുക്കേണ്ടി വരും. വലിയ വലിയ വ്യവസായ ശാലകളില്‍ വളരെ ശ്രദ്ധയോടെ ജോലികളിലേര്‍പ്പെടെണ്ടി വരും. അവിടങ്ങളിലൊക്കെ വിശ്വാസത്തിന്റെ കരുത്തും ഈ രാജ്യത്തിന്റെ നിയമങ്ങളുടെ കൂട്ടും ഞങ്ങള്‍ക്ക് ആശ്വാസം പകരും. കൂടെ മറ്റു മത വിശ്വാസികള്‍ പലരും സഹായത്തിനായി ഒപ്പം ചേരും. നൊമ്പേടുത്ത് ക്ഷീണിച്ചു കഴിയുന്ന ഞങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്നത് പലപ്പോഴും ഒന്നിച്ചുറങ്ങുന്ന- മറ്റു മത വിശ്വസികളാണെന്ന സ്‌നേഹ സൗഹാര്‍ദത്തിന്റെ നേര്ചിത്രങ്ങളെ അവര്‍ സാക്ഷ്യപ്പെടുത്തി.
തൊഴിലിടങ്ങളിലെ അധ്വാനവും അന്തിയുറങ്ങി തീര്‍ക്കേണ്ട നാലു ചുവരുകള്‍ക്കുള്ളിലെ ജീവിതവും നന്മകളുടെ നിറക്കൂട്ട് മാത്രമാണ് നല്കുന്നത്. പകലിലെ ചൂടും നോമ്പിന്റെ ക്ഷീണവും സ്രഷ്ടാവിനോടുള്ള കടപ്പാട് പരിപൂര്‍ണ്ണമായി നിര്‍വഹിക്കുന്നതില്‍ തടസ്സമാവാറുണ്ടോ എന്ന വിചാരപ്പെടലില്‍, പകല്‍ നേരത്തെ അദ്ധ്വാനത്തിനു ശേഷം പള്ളിമൂലയില്‍ തസ്ബീഹ് മാലയുമായി ദിക്ര്‍ ചൊല്ലി ഇരിക്കുന്ന അദ്ദേഹം പറഞ്ഞു ; ഒരിക്കലുമില്ല… കൂടുതല്‍ പേരും നല്ല കാര്യങ്ങളെ ചെയ്തു തീര്ക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്. മറ്റു മത വിശ്വാസികള്‍ ഞങ്ങളുടെ താമസ സ്ഥലത്ത് കുറവാണെങ്കിലും നോമ്പിനെ ഭക്തിയാദര പൂര്‍വ്വം നോക്കി കാണുന്നവരാണ് അവരെന്ന് പറഞ്ഞു തന്നു.
പല ദേശക്കാര്‍ വസിക്കുന്ന ആ വലിയ ലേബര്‍ ക്യാമ്പില്‍ നടക്കുന്ന വിവിധ നന്മകളുടെ ഉദാഹരണങ്ങള്‍ പലരും പറഞ്ഞു. അത് ഞങ്ങള്‍ അനുഭവിച്ചറിയുകയും ചെയ്തു. നീണ്ട പതിനേഴു വര്‍ഷമായി എല്ലാ വെള്ളിയാഴ്ചയിലെയും മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനും പ്രാര്ത്ഥന സദസ്സിനും വന്നെത്തുന്ന ആള്‍കൂട്ടം ഇത്തരം താമസയിടങ്ങളിലെ നിലക്കാത്ത നന്മാകളാണ്. ഉടുത്തൊരുങ്ങി യാത്രപറഞ്ഞിറങ്ങുമ്പോള്‍ കണ്ട മുഖങ്ങള്‍ അകലങ്ങളില്‍ വെച്ച് സ്രഷ്ടാവിനു വിളിക്കുത്തരം നല്‍കിയിട്ടുണ്ടെന്നു അറിയുമ്പോള്‍ അവരെയോര്‍ക്കാനും അവരുടെ പാരത്രിക രക്ഷക്ക് കൈകളുയര്‍ത്താനും ഇത്തരം വേദികള്‍ ഏറെ സഹായകമാണെന്ന് അവര്‍ പറഞ്ഞു. ഇവയെല്ലാം ഒരുക്കുന്നത് പലയിടങ്ങളിലും നാം മലയാളികള്‍ ആണെന്നത് സന്തോഷകരമായി തോന്നി. അതിനൊക്കെ നേതൃത്വം നല്കാന്‍ പ്രാപ്തരായവര്‍ അവിടങ്ങളില്‍ വസിക്കുന്നണ്ടെന്നു പലപ്പോഴും നാം അറിയാതെ പോവുന്നു. കേരളീയ സമൂഹത്തിന്റെ ദീനി ബോധം മറ്റു പലര്‍ക്കും ആശ്ച്ചര്യമാവുന്നതും പലരും ചേര്‍ത്തു പറഞ്ഞു. കൂടാതെ പല റൂമുകളിലും ഉള്ളത് വെച്ച് വിളമ്പി പ്രത്യാക നോമ്പ് തുറ ഒരുക്കുന്നതും നോമ്പ് കാലത്തെ സന്തോഷങ്ങളായി അവര്‍ തീര്‍ച്ചപ്പെടുത്തി.
നഗര മധ്യത്തിലെ സൗകര്യങ്ങളെ അനുഭവിക്കുകയും ശീതീകരിച്ച സ്ഥലങ്ങളിരുന്നു ജോലിയെടുക്കയും ചെയുന്ന നാം പലപ്പോഴും ചെറിയ കാരണങ്ങളെ കണ്ടെത്തി പരാതികളെ സ്രിഷ്ടിക്കലിനെ ഇഷ്ടപ്പെടുന്നവരാണ്.
ഇവിടെ നമ്മില്‍ പലരും കേള്‍ക്കേണ്ട മറുപടിയാണ്, എല്ലാ സൗകര്യങ്ങള്‍ക്കിടയിലും കുറവുകളില്ലേ എന്ന് ചോദിച്ചറിഞ്ഞപ്പോള്‍ നീണ്ട പകലിലും പുറത്ത് ജോലിയെടുക്കുന്ന അദ്ദേഹം പറഞ്ഞത്; ഞങ്ങളെക്കാള്‍ കഷ്ടതയനുഭവിക്കുന്നവരെ നിങ്ങള്ക്ക് കാണാം! ഒപ്പം, അവര്‍ക്ക് ആശ്വാസമാവാന്‍ നിങ്ങള്‍ക്ക് കഴിയണമെന്ന ഉപദേശവും. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള നല്ല മനസ്സിനെ ദര്‍ശിക്കാനായി ആ വാക്കുകളില്‍.
മരുഭൂമിയുടെ ചൂടും ചൂരും അറിഞ്ഞു ജീവിക്കാന്‍ പ്രവാസത്തിന്റെ മേല്‍വിലാസം ഉള്ള പലര്‍ക്കും അവസരമുണ്ടാവാറില്ല എന്നതൊരു യഥാരത്യമാണ് . എന്നാല്‍ അതിനു വിധിക്കപ്പെട്ടവരെ അറിയാനുള്ള മനസ്സും ശ്രമവും പലപ്പോഴും ഉണ്ടാവാറില്ല താനും . കൊതിപ്പിക്കുന്ന ആഹാര സാധനങ്ങളുടെ മണം സ്വന്തം മൂക്കിനു താഴെ ഉയരുമ്പോഴും, സദാ ആളിക്കത്തുന്ന വിശപ്പിനെ അടക്കി നിറുത്തി അദ്ധ്വാനിക്കുന്ന പാവപ്പെട്ടവരെ കാണാനും അറിയാനുമുള്ള ശ്രമം ഉണ്ടാവണമെന്ന തോന്നല്‍ മനസ്സിലുയര്ന്നു വന്നു.
സുഭിക്ഷമായ ഭക്ഷണങ്ങള്‍ യഥേഷ്ടം സൗജന്യമായി ലഭിക്കും പ്രവാസ ഭൂമികയിലെ നോമ്പ് കാലത്ത് . ഇഫ്താര്‍ പാര്‍ട്ടികളുടെ മത്സരത്തിന് ഒരുമാസം തികയാതെ വരുന്നുണ്ടെന്ന് പരിതപിക്കുന്നവരും കുറവല്ല!? ഏതൊക്കെ സ്ഥലത്ത് മുഖം കാണിക്കണമെന്ന് ആകുലപ്പെടുന്നവരെയും കാണാം. അവരൊക്കെ, തിരക്ക് പിടിച്ച നഗരത്തില്‍ നിന്നും തിരക്കൊഴിയാത്ത ജീവിതത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നടക്കാന്‍ തയ്യാറായാല്‍ സ്വാദിഷ്ടമായ ഭക്ഷണം കൊതിക്കുന്നവരെ കാണാം ഈ താമസയിടങ്ങളില്‍.
അവര്‍ ഇങ്ങോട്ട് തിരഞ്ഞു വരില്ല. അവരെ തേടി പുടപ്പെടാരുണ്ട് പലരും ഈ നോമ്പ് കാലത്തും അല്ലാത്തപ്പോഴും . അവര്‍ കാത്തിരിക്കുക തന്നെ ചെയ്യും ആ താമസയിടങ്ങളില്‍. ഞങ്ങളെ തേടി വരുന്ന നല്ല മനസ്സുകളെ ഓര്‍ക്കാന്‍ അവര്‍ മറന്നില്ല.
അവരിങ്ങനെ പറഞ്ഞു; ഇവിടുത്തെ ഭരണാധികാരികളും ധര്‍മിഷ്ടരായ സഹോദരങ്ങളും സന്നദ്ധ സംഘടനകളും പള്ളികള്‍ കേന്ദ്രീകരിച്ചും ഞങ്ങളുടെ താമസയിടങ്ങളില്‍ വന്നും ആവശ്യമായ ഭക്ഷണങ്ങള്‍ തരും . ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ലാത്ത തരം വിഭവങ്ങള്‍. അതൊക്കെ സ്രഷ്ടാവൊരുക്കി തരുന്ന സൗകര്യങ്ങളാണെന്ന് പറഞ്ഞു നാഥനെ സ്തുതിക്കാന്‍ മടി കാട്ടിയില്ല വര്‍ത്തമാനത്തിനിടക്കും .
ഇങ്ങനെയൊക്കെയാണെങ്കിലും അപൂര്‍വ്വം ചിലര്‍ അനുഷ്ടാന കര്‍മ്മങ്ങളില്‍ വിമുഖത കാണിക്കുന്നവര്‍ ഉണ്ടെന്നു മറച്ചു വെച്ചില്ല അവര്‍. കൂടെ കഴിയുന്ന നല്ല ആരോഗ്യവും ശേഷിയുമുള്ള ഒരാള്‍ നോമ്പേടുക്കാത്തതിന്റെ കാരണമന്വാഷിച്ചുവത്രെ. നന്നെ ചെറുപ്പത്തില്‍ ഒരിക്കല്‍ നോമ്പേടുത്തപ്പോള്‍ തുടര്ച്ചയായ ദിവസം പനി ഉണ്ടായി. അതിനു ശേഷം നോമ്പേടുത്തില്ല പോലും! പരിഹാസത്തിന്റെ വാക്കുകള്‍ പകരം സ്‌നേഹത്തോടെയുള്ള ഉപദേശങ്ങളും കൂട്ടായി അള്ളാഹു കൂടെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും ഉണ്ടായപ്പോള്‍ ഒരു പുതുജീവിതം തുടങ്ങാന്‍ അദ്ദേഹത്തിന് പ്രേരകമായി എന്നത് നാല് ചുമരുകള്‍ക്കുള്ളിലെ നല്ല സന്ദേശങ്ങളുടെ സക്ഷ്യങ്ങളായി അവര്‍ വിലയിരുത്തി. പിന്നെ, ജീവിതത്തില്‍ മതപഠനം സാധ്യമാവാത്തതു കൊണ്ട് പല മുസ്ലിം സഹോദരങ്ങളും നാമ്പിന്റെ മഹത്വം അറിയാതെ പോയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ നോമ്പിന്റെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം മറ്റു മാസങ്ങളെ പോലെ തന്നെ ജീവിക്കുന്നവരും കുറവല്ല എന്നവര്‍ നിര്‍വികാരതയോടെ പറഞ്ഞു തന്നു.
വിശപ്പ് നിയന്ത്രിച്ചു നിറുത്താന്‍ കഴിയുന്നവര്‍ക്ക് മറ്റെല്ലാം നിയന്ത്രണ വിധേയമാകും. അതാണ് അവരുടെ കരുത്തെന്നു ബോധ്യപ്പെട്ടു പലരില്‍ നിന്നും. പുലര്‍ച്ചെ ആരംഭിക്കുന്ന ജോലികള്‍ ചൂടിനു ശക്തി കൂടുമ്പോഴെക്ക് കഴിയാറാവും എന്നത് ഒരു ആശ്വസമാണെന്നവര്‍ പറഞ്ഞു. അലക്കിതേച്ച വസ്ത്രങ്ങള്‍ക്ക് പകരം പ്രത്യകതരം യൂണിഫോമിലും അത് പൊടിപടലങ്ങള്‍ ചേര്‍ന്നതാണെങ്കിലും ആരാധനകളുടെ നിര്‍വഹണം വൈകിക്കില്ല എന്നത് നോമ്പ്കാലത്തും അല്ലാത്തപ്പോഴും ശീലമാണെന്ന് അവര്‍ പറഞ്ഞു. കൂടെ കഴിയുന്ന മറ്റു രാജ്യക്കാരും ആരാധനകള്‍ ചെയ്യുന്നതില്‍ പിറകിലല്ല എന്നവര്‍ ചേര്‍ത്ത് പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ വിശ്വാസപരമായ കാര്യങ്ങള്‍ പറഞ്ഞു ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സമകാലിക ലോകത്ത് , ഒരുമിച്ചു അന്തിയുറങ്ങുന്ന പല അമുസ്ലിം സഹോദരങ്ങളും നോമ്പേടുത്തു ഐക്യദാര്‍ട്യപ്പെടാരുണ്ടെന്നു സന്തോഷത്തോടെ അവര്‍ പറഞ്ഞു.
നമ്മുടെ ജീവിതത്തിന്റെ സന്തോഷങ്ങളെ മനസ്സിലാക്കാന്‍ മരുഭൂമിയുടെ മണല്‍പരപ്പില്‍ അന്വഷണങ്ങളും അറിവ് തേടലും ഒരുപാടുണ്ടെന്നു ഈ തൊഴിലിടങ്ങളിലെ ജീവിതങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് നടന്നു ചെല്ലാന്‍ വരുംകാല ജീവിതത്തെ കൊണ്ട് സാധ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ശക്തമായ ചൂട് സഹിച്ചു ദൈര്ഘ്യമേറിയ പകലിലും നോമ്പിന്റെപുന്ന്യങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭ്യമാണെന്ന മഹദ് വചനത്തിന്റെ പൊരുള്‍ അവരുടെ ജീവിത പരിസരത്ത് നമുക്ക് ദര്‍ശിക്കാനാവും.
ആഹാരം കഴിക്കാനുള്ളവന്റെ നോമ്പും ഇല്ലാത്തവന്റെ നോമ്പും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്ന സത്യം ഇവരുടെ ജീവിതം നമ്മോടു പറയുന്നുണ്ട്. ആ ദൂരങ്ങള്‍ക്കിടയില്‍ ഒരു തണല്‍ മരമുണ്ട്. വിസ്മയവും മനോഹരവുമായ തണല്‍ മരങ്ങള്‍. തിളച്ചു മറിയുന്ന മരീചികക്ക് നടുവില്‍ വാടാതെ നില്‍ക്കുന്ന ഒറ്റപ്പെട്ടതെങ്കിലും ചില മരുപ്പച്ചകള്‍. ഒട്ടേറെ മനസ്സിന് സന്തോഷങ്ങളും കളിചിരികളും സമ്മാനിച്ച് അവര്‍ കഴിഞ്ഞുകൂടുകയാണ്.
സുഖലോലുപതക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത ഓട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പട്ടിണിയുടെ ദുരിതാവസ്ഥകളെ മനസ്സിന്റെ ജാലകക്കാഴ്ചകളിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ നമുക്കീ റമളാന്‍ അവസരമൊരുക്കണം. നിങ്ങളില്‍ ദാരിദ്ര്യം വരുന്നതിനെ ഞാന്‍ ഭയക്കുന്നില്ല എന്നാല്‍ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റമദാന്‍ ഒരു ആഡംബരമായി മാറുമ്പോള്‍ ഈ വാക്കുകള്‍ക്ക് എന്തുമാത്രം തീവ്രതയാണ് കൈവരുന്നത് നാം മനസ്സിലാക്കുക.
പച്ച വെള്ളവും കാരക്കയും കഴിച്ചു നോമ്പ് തുറന്നിരുന്ന പ്രവാചകന്റെ ജീവിത ലാളിത്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളാല്‍ പള്ളികള്‍ മുഖരിതമാവുകുമ്പോഴും എണ്ണമറ്റ വിഭവങ്ങളുടെ വന്‍ശേഖരത്തിന് കോപ്പ് കൂട്ടുന്ന അടുക്കളകളാണ് നമുക്ക് ചുറ്റുമുള്ളത്! വലിയ വിരുന്നുകള്‍ക്ക് ശേഷം കുപ്പത്തൊട്ടിയില്‍ ഒരുപാട് ഭക്ഷണം വലിച്ചെറിയപ്പെടുന്നു . അതിനൊക്കെ അര്‍ഹരായവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന സത്യം നാം അറിയുക.
പ്രവാസത്തിന്റെ നാല് ചുമരുകളില്‍ ജീവിതം തളച്ചിടുമ്പോള്‍ , നോമ്പിന്റെ ചൈതന്യം വെറും ചൂടിലും തണുപ്പിലും മാത്രം ഒതുങ്ങുന്ന ഒരു അനുഷ്ഠാനം മാത്രമാല്ലെന്നും റമളാന്‍ എന്നാല്‍ പകല്‍ ഉറക്കവും രാത്രി കറക്കവും ഔട്ടിങ്ങും ഒക്കയാണെന്നു പുതുതലമുറ സങ്കല്‍പ്പിക്കാതിരിക്കാന്‍ ഈ തൊഴിലിടങ്ങളില്‍ ,താമസിയിടങ്ങളില്‍ ഇടക്കൊക്കെ നാം കയറിചെല്ലണം.