ഈ പ്രണയച്ചൂടിനെ ആര്‍ക്കും തകര്‍ക്കാനാവില്ല; പകല്‍ പി.എച്ച്.ഡി പഠനവും രാത്രിയില്‍ രുചിക്കൂട്ടൊരുക്കലുമായി തിരക്കിലാണിവര്‍

തട്ടുകട മലയാളിയുടെ ഭക്ഷണശീലത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നേരമിരുട്ടുന്നതോടെ സജീവമാകുന്ന തട്ടുകടകളും ഒപ്പം ചൂടു ദോശയ്ക്കും മറ്റുമായി എത്തുന്ന ആളുകളും ഇന്ന് കേരളത്തിന്റെ തെരുവുകളില്‍ പതിവു കാഴ്ച്ചയുമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ രുചികരമായ ഭക്ഷണം വിളമ്പുന്നവരെ ക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവരുടെ കഥകള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?..

തീവ്ര പ്രണയവും ഒപ്പം ചൂടുപിടിച്ച പഠനവും ഒക്കെയായി ഒരു ദമ്പതികള്‍ തിരുവനന്തപുരത്തുണ്ട്. അവരും നടത്തുന്നുന്നുണ്ട് ഒരു തട്ടുകട. സ്‌നേഹ ലിംഗമോക്കര്‍ എന്ന മഹാരാഷട്രക്കാരിയും ജാര്‍ഗണ്ഡ് സ്വദേശിയായ പ്രേംശങ്കര്‍ മണ്ഡലും. ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് പ്രശ്‌നങ്ങളുടെ ഘോഷയാത്രയായിരുന്നു ഇരുവരുടേയും ജീവിതത്തില്‍.

എന്നാല്‍ പ്രണയം തുറന്നു പറഞ്ഞ് അധികം വൈകും മുന്നേ തന്നെ ഇരുവരും കേരളത്തിലെത്തി. സ്‌നേഹയ്ക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യാന്‍ അവസരം ലഭിച്ചതോടെയായിരുന്നു ഈ നാടുകടക്കല്‍. എന്നാല്‍ കേരളത്തിലും തുടക്കത്തില്‍ കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമായിരുന്നില്ല ഇരുവര്‍ക്കും. പി.എച്ച.ഡി. പഠനത്തിനും ജീവിതച്ചെലവിനുമായി പണം കണ്ടെത്തുക എന്നത് അവരെ കൊണ്ടെത്തിച്ചത് ഒരു തട്ടുകട തുടങ്ങുക എന്ന ആശയത്തിലേക്കായിരുന്നു.

പാചകം തനിക്കേറെ ഇഷ്ടപ്പെട്ട ജോലിയാണെന്നും അതു കൊണ്ട് തന്നെ ഇഷ്ടപ്പെട്ട ജോലിചെയ്ത് പണം സമ്പാദിക്കാമെന്നുമാണ് പ്രേംശങ്കറിന്റെ പക്ഷം. താനിപ്പോള്‍ ജീവിതചെചലവിനേക്കാല്‍ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ് കാരണം സ്‌നേഹയുടെ ആഗ്രഹം പോലെ അവള്‍ക്കൊരു ശാസ്ത്രജ്ഞ ആകണമെങ്കില്‍ അവളുടെ ആഗ്രഹം സാധിക്കണമെങ്കില്‍ പണം അനിവാര്യമാണെന്നും പ്രേം പറയുന്നു. ഡല്‍ഹി സി.എ.ജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേം കേരളത്തിലെത്തിയിരിക്കുന്നത്.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ ആറു വര്‍ഷം കഴിഞ്ഞു. പഠനത്തിനും ഒപ്പം തങ്ങളുടെ സ്വപ്നങ്ങള്‍ക്കും വേണ്ടി ഹണിമൂണ്‍ വരെ പലതും വേണ്ടെന്നു വച്ചതാണെന്നും സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കയാണെന്നും പ്രേം പ്രതീക്ഷയോടെ പറയുമ്പോള്‍ ആ കണ്ണില്‍ തിളക്കമുണ്ട്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദധാരികളായ ഇരുവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജര്‍മ്മനിയിലേയ്ക്ക് പറക്കണമെന്നാണ് ആഗ്രഹം. പകല്‍ പി.എച്ച്.ഡി. പഠനവും രാത്രിയില്‍ തട്ടുകടയുമായി സ്‌നേഹ തിരക്കിലാണ് ഒപ്പം സ്‌നേഹക്ക് നല്ല പകുതിയായി പ്രേംശങ്കറും.