യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിന് ഊഷ്മള സ്വീകരണമൊരുക്കി എം.സി.സി വിയന്ന
വിയന്ന: സീറോ മലബാര്‍ സഭയുടെ യുറോപ്പിനുവേണ്ടിയുള്ള അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിനും, കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ. ചെറിയാന് വാരിക്കാട്ടിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം ഊഷ്മളവും പ്രാര്ത്ഥനാനിര്ഭരവുമായ സ്വീകരണം നല്കി. രാജ്യത്തെ മലയാളി കത്തോലിക്കാ സമൂഹത്തില്‍ കാനോനിക സന്ദര്‍ശനം നടത്തുന്നതിനായി വിയന്നയില്‍ എത്തിയതായിരുന്നു ഇരുവരും.
എം.സി.സി ചാപ്ലൈന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയിലും, മലയാളി വിശ്വാസ സമൂഹവും അപ്പോസ്റ്റോലിക് വിസിറ്റേറ്ററെ മൈഡിലിങ് ദേവാലയത്തില്‍ സ്വീകരിച്ചു. ഈ വര്‍ഷം ആദ്യമായി വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിക്കുന്ന കുട്ടികള്‍ക്കൊപ്പം, നിരവധി വൈദീകരും, വിശ്വാസികളും മുത്തുക്കുടകളും, കുരിശും വഹിച്ചുകൊണ്ടു ഘോഷയാത്രയായിട്ടായിരുന്നു സംഘം ദേവാലയത്തില്‍ പ്രവേശിച്ചത്.
ചാപ്ലൈന്‍ ഫാ. തോമസ് താണ്ടപ്പിള്ളി സന്ദര്‍ശനത്തിനെത്തിയ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിന് മലയാളി സമൂഹത്തിലേക്കു ഔപചാരികമായി സ്വാഗതം ആശംസിക്കുകയും, അദ്ദേഹത്തിന്റെ ആഗമന ഉദ്ദേശ്യം വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന ഉണ്ടായിരുന്നു. മുഖ്യ കാര്‍മികനായ ബിഷപ്പില്‍ നിന്നും ഏഴ് കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. അതോടൊപ്പം 16 കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ മാര്‍ ചെറപ്പണത്ത് മലയാളി കത്തോലിക്കരുടെ യൂറോപ്പിലെ വിശ്വാസ സാഹചര്യത്തെയും, വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങളും, വെല്ലുവിളികളും വിവരിച്ചു സംസാരിച്ചു.
വി. കുര്‍ബാനയ്ക്കു ശേഷം മാര്‍ സ്റ്റീഫന്‍ ചെറപ്പണത്ത് എം.സി.സി യൂത്ത് ഫോറം ഉത്ഘാടനം ചെയ്തു. ഫോറത്തിന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. നിരവധി എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുത്ത ലോഗോ ഡിസൈന്‍ ചെയ്ത സമീറ പുതുപ്പറമ്പിലിന് സമ്മേളനത്തില്‍ പ്രത്യേക ക്യാഷ് അവാര്‍ഡ് ലഭിച്ചു. യൂത്ത് ഫോറത്തിന്റെ കണ്‍വീനറായി ഗ്രേഷ്മ പള്ളിക്കുന്നേല്‍ ഉള്‍പ്പെടെ ഇരുപതഅംഗ കൗണ്‍സിലും നിലവില്‍ വന്നു. രണ്ടാം തലമുറയുടെയും, മൂന്നാം തലമുറയുടെ വിശ്വാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഊന്നിയായിരിക്കും യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേകാലയില്‍ നന്ദി പറഞ്ഞു.