പുകയിലയോടു വിട പറയാം ജീവിതം ലഹരിയാക്കാം; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലഹരിക്കു പുറകെ പായുന്ന യുവത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സമൂഹം. എന്നാല്‍ ഓര്‍ക്കുക നമുക്കിടയിലെ പത്തിലൊരാളുടെ ജീവനപഹരിക്കുന്നതില്‍ ഈ പുകയിലയുടെ പങ്ക് പറഞ്ഞറിയിക്കാവുന്നതിലും ഉയരെയാണ്. ഓരോ മിനിട്ടിലും ഏകദേശം രണ്ടു പേരുടെയെങ്കിലും ജീവന്‍ പുകയില ഉപയോഗിക്കുന്നതിലൂടെ നഷ്ടമാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെയ് 31 ലോകമെമ്പാടും പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോളും നമ്മള്‍ നേരിടുന്ന വെല്ലു വിളി നമുക്ക് പുകയിലയെ കീഴ്‌പ്പെടുത്താനാകുന്നില്ല മറിച്ച് പുകയില നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കയാണ് എന്നതു തന്നെയാണ്.

പുകയില ഉപയോഗം അപകടമാണെന്നറിയാത്തവര്‍ വളരെ വിരളമാണ് എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. എന്നിട്ടും ഇതിനു ആളുകള്‍ അടിമപ്പെടുന്നതെങ്ങനെയാണ്. നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിനു പ്രധാന കാരണം. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിരിക്കുന്ന പുകയിലയില്‍ അറുപത്തിയൊന്‍പതോളം ഘടകങ്ങള്‍ കാന്‍സര്‍ ഉത്പാദിപ്പിക്കാനുതകുന്നവയാണ്. നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സീന്‍, ഹൈഡ്രജന്‍ സൈനൈഡ്, എന്നിവ ഇതില്‍ ചിലതുമാത്രം.

ഇനി പാന്‍ മസാലയാണെന്നിരിക്കട്ടെ അവയില്‍ കീടനാശിനി ഘടകങ്ങള്‍, ചില്ലുപൊടി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. നിക്കോട്ടിന്‍ എന്ന അപകടകാരി കേവലം പത്തു സെക്കന്റ് കൊണ്ടാണ് തലച്ചോറിലെത്തുന്നത്. കൂടാതെ ശരീരത്തിന്റെ എല്ലാ കോണിലേയ്ക്കും എത്തിച്ചേരാനും നിക്കോട്ടിന് എളുപ്പം സാധിക്കും എന്നതാണ് ഒരിക്കല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കടിമപ്പെട്ടവരെ നമുക്ക് പിന്തിരിപ്പിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നത്.

ഇന്ത്യയില്‍ അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ 30% പുകവലിയുടെ ഉപയോഗം മൂലമുള്ളതാണ്. നാവ്, വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, കരള്‍, വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവിടങ്ങളിലാണ് പുകവലിമൂലം അര്‍ബുദം പിടിപെടാന്‍ ഏറെ സാധ്യത.

ഇന്ത്യയില്‍ മൂന്നിലൊരുഭാഗം പേരും പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിയിലൂടെ മരണപ്പെടുന്നതാകട്ടെ കൂടുതലും മദ്ധ്യ വയസ്‌ക്കരുമാണ്. ചെറുപ്പക്കാരില്‍ പുകയില വില്ലനാകുന്നത് ഹൃദ്രോഗം മുഖേനെയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി വര്‍ഷം 70 ലക്ഷം ആളുകള്‍ പുകയില ഉപഭോഗത്തിന്റെ പരിണിത ഫലമായി മരണപ്പെടുന്നു എന്നാണ് കണക്കുകള്‍. അതില്‍ തന്നെ ഒന്‍പത് ലക്ഷത്തോളം പേര്‍ പുകയില നേരിട്ടുപയോഗിക്കാതെ മറ്റൊരാളില്‍ നിന്ന് പുറത്തു വരുന്ന പുകയുടെ ഇരയാണ്.

പുയില ഉപഭോഗം മനുഷ്യനിലെ പ്രത്യത്പാദന ശേഷികുറയ്ക്കുകയും ലൈഗിക ശേഷിക്ക് ശോഷണം സംഭവിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. നിലവില്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന ഒരു വസ്തു എന്ന കണക്കെ പുകയിലയുടെ പിന്നിലെ സാമ്പത്തിക കച്ചവട താത്പര്യങ്ങളെക്കൂടെ നാം തിരിച്ചറിഞ്ഞേ പറ്റു. അതു കൂടി കണക്കിലെടുത്തായിരിക്കണം പുകയിലയ്‌ക്കെതിരെ കൈകോര്‍ക്കേണ്ടതും.