വ്യോമസേന വിമാനം കാണാതായ സംഭവം: പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്; സ്ഥിരീകരണം നല്‍കാതെ വ്യോമസേന
ഈ മാസം 23 ന് രാവിലെ 9.30ന് അസമിലെ തേസ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന് പിന്നീട് ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനയുടെ സുഖോയ് 30 വിമാനത്തിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അരുണാചല്‍ അതിര്‍ത്തിയിലെ വനപ്രദേശത്തുനിന്നും മലയാളി പൈലറ്റ് ലെഫ്റ്റനന്റ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതേസമയം, ഇരുവര്‍ക്കുമായുള്ള തെരിച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുമുണ്ട്. വ്യോമസേനയുടെ ഔദ്യോഗികമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
കോഴിക്കോട് സ്വദേശിയായ അച്ചുദേവ് (25) ആണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി പൈലറ്റ്. കഴിഞ്ഞ ദിവസം ഉള്‍വനത്തില്‍ നിന്ന് വിമാനഭാഗം അവിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
ഈ മാസം 23ന് പറന്നുയര്‍ന്ന വിമാനം അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലാണ് കാണാതായത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. അവസാന സന്ദേശം 11.30ന് ആണ് വിമാനത്തില്‍ നിന്ന് ലഭിച്ചത്. സാധാരണ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം കാണാതായത്.
തേസ്പൂരിന് 60 കിലോമീറ്റര്‍ വടക്ക് പറക്കുന്നതിന് ഇടയിലാണ് സുഖോയ് 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സുഖോയ് വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. യന്ത്ര തകരാറാണെന്നാണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.