കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും ബി.ജെ.പി. അണിയറനീക്കങ്ങള്‍ നടത്തുന്നുണ്ട്. ജൂണ്‍ രണ്ടിന് കൊച്ചിയിലെത്തുന്ന അമിത് ഷാ സഭയുടെ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ചാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുക.ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബി.ജെ.പി. നടത്തുന്നതും.

ഇതിന്റെ ഭാഗമായി സീറോ മലബാര്‍ സഭാധ്യക്ഷന്‍ ലത്തീന്‍ കത്തോലിക്കാ സഭാ മേധാവി തുടങ്ങിയവരെ ബി.ജെ.പി. കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ബിഷപ്പ് ഹൗസുകളില്‍ പോയി മെത്രാന്മാരെ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ബി.ജെ.പിയിലേക്ക് വരാന്‍ അനുഭാവം പ്രകടിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ദേശീയ അധ്യക്ഷനു മുന്നിലെത്തിക്കുന്നതിനുള്ള നീക്കവും നടത്തുന്നുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കാനാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വരവെന്ന് ബി.ജെ.പി. സെക്രട്ടറി എച്ച്. രാജ പറഞ്ഞു. പശ്ചിമബംഗാളിന് ശേഷം കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ തകരാന്‍ പോകുകയാണ്. അതുകൊണ്ട് അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കേരളത്തിന്റെ ചുമതലയുളള രാജ വ്യക്തമാക്കി.