അതിരു വിട്ട പ്രതിഷേധം: പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണൂര്‍ സിറ്റിയില്‍ പ്രതിഷേധം അരങ്ങേറിയത്. പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പരസ്യമായി വാഹനത്തിലിട്ടു അറുക്കുകയും അതിനടുത്തിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്തു പരസ്യമായി കശാപ്പ് നടത്തിയതിനെതിരെ യുവമോര്‍ച്ച ഭാരവാഹികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണ്ണൂര്‍ സിറ്റി പൊലീസ് ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. സമരം കഴിഞ്ഞ ഉടന്‍ റിജില്‍ മാക്കുറ്റിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരുന്നു. സമരംത്തില്‍ പരസ്യമായി കശാപ്പ് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെട്ട വീഡിയോ യുവമോര്‍ച്ച സമൂഹമാധ്യമങ്ങള്‍ വഴി ദേശീയ തലത്തിലടക്കം പ്രചരിപ്പിച്ചിരുന്നു.
കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് പരസ്യമായി മൃഗങ്ങളെ കശാപ്പ് ചെയ്ത കുറ്റത്തിനാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തും. ഒരുവര്‍ഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിച്ചുള്ളത്. പൊതുസ്ഥലത്ത് പരസ്യമായി മാടിനെ കശാപ്പുചെയ്തതിനെതിരെ കോണ്‍ഗ്രസില്‍നിന്നുള്‍പ്പെടെ വലിയ വിമര്‍ശനമാണുയര്‍ന്നത്. സമരത്തില്‍ പങ്കെടുത്ത് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.