തിരിച്ചടിച്ച് ഇന്ത്യ: നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്ത അഞ്ച് പാക്ക് സൈനികരെ വധിച്ചു

നിയന്ത്രണ രേഖയില്‍ ഭിംബര്‍ മേഖലയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനവും വെടിവെപ്പും.

അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗറി തുടങ്ങിയ ഇടങ്ങളിലാണ് പാക് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പുലര്‍ച്ചെ തുടങ്ങിയ വെടി വെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണ രേഖയിലെ സ്ഥിതി വിവരങ്ങളെക്കുറിച്ച് ബിപിന്‍ റാവത്ത് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യന്‍ സേന സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തും. ഹിസ്ബുള്‍ നേതാവായിരുന്ന സബ്‌സാര്‍ ബട്ടിനെ ഇന്ത്യന്‍ സേന വധിച്ചതോടു കൂടിയാണ് കാശ്മീരില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്.