ഒരമ്മയുടെ ക്രൂരത: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു..

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ പൊരുമ്പുള്ളിച്ചിറയിലാണ് സംഭവം. അയല്‍വാസി ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ പുറം ലോകമറിയുന്നത്.

കുട്ടിയുടെ മുഖത്തും വയറ്റിലും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. അടുപ്പില്‍ വെച്ച കത്തുന്ന തീക്കൊള്ളിക്കൊണ്ട് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. ഇന്നു രാവിലെ സ്‌കൂളില്‍ പോകാനാകാത്ത സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടിയോടു വിവരം തിരക്കിയപ്പോഴാണ് അയല്‍വാസി വിവരം അറിയുന്നതും ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുന്നതും. തുടര്‍ന്ന് ശിശുക്ഷേമസമിതി അംഗങ്ങളെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനു മുന്‍പും നിസാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.