വിഴിഞ്ഞം പദ്ധതി: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും,റിപ്പോര്‍ട്ടില്‍ ബാഹ്യ സ്വാധീനം ഉണ്ടായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി. നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സി.എ.ജി. റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. റിപ്പോര്‍ട്ടില്‍ ബാഹ്യസ്വാധീനം ഉണ്ടായിയെന്ന സംശയവും ഉമ്മന്‍ചാണ്ടി പരാതിയില്‍ ഉന്നയിക്കും. ഗുരുതരമായ ആരോപണങ്ങളുമായാണ് ഉമ്മന്‍ചാണ്ടി സി.എ.ജി. റിപ്പോര്‍ട്ടിനെതിരെരംഗത്തെത്തിയിരിക്കുന്നത്. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ എ.ജി. ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ല. സര്‍ക്കാരിന്റെ വിശദീകരണവും എ.ജി. പരിഗണിച്ചില്ല തുടങ്ങിയ പരാതിയും ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി. കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതാണെന്നും നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി. വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്നും 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധി അട്ടിമറിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും.